2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘മാപ്പു പറയില്ല, ചില്ലിക്കാശ് പോലും നഷ്ട പരിഹാരം നല്‍കില്ല’: എം.വി ഗോവിന്ദനോട് സ്വപ്‌ന

കൊച്ചി: മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ വക്കീല്‍ നോട്ടിസിന് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറല്ലെന്നും സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് വ്യക്തമാക്കി. എല്ലാ നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മറുപടിയില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം.വി ഗോവിന്ദന്‍ അഭിഭാഷകന്‍ മുഖേന സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്.

‘എന്താണ് നടന്നതെന്നു വ്യക്തമായി മനസിലാക്കാതെയാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനു സ്വപ്ന നടത്തിയ ഫേസ്ബുക്ക് ലൈവ് വീണ്ടും കാണാന്‍ അഭ്യര്‍ഥിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വിജയ് പിള്ളയില്‍നിന്നു ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് സ്വപ്ന ലൈവില്‍ എത്തിയത്. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് സ്വപ്ന ലൈവിലൂടെ വ്യക്തമാക്കിയത്. എം.വി ഗോവിന്ദനു വേണ്ടിയാണ് എത്തിയതെന്നാണ് വിജയ് പിള്ള അറിയിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തി. 30 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. എം വി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. എം വി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്നു എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി എം.വി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ചില്ലാക്കാശ് നല്‍കാനോ മാപ്പ് പറയാനോ തയ്യാറല്ല. എല്ലാ നിയമനടപടിയെയും
സ്വാഗതം ചെയ്യുന്നുവെന്നും. നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു കോടി രൂപയുടെ 10 ശതമാനം കോടതി ഫീസായി അടച്ചു കേസ് ഫയല്‍ ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.