2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിഷപ്പ് പറഞ്ഞതു സത്യമെന്ന് സി.പി.എമ്മും സമ്മതിച്ചതായി ദീപിക; വെളുക്കാന്‍ തേച്ചത് പാണ്ടായതിന്റെ അങ്കലാപ്പില്‍ സി.പി.എം

  • കോണ്‍ഗ്രസിനെ കുത്തിയും ബി.ജെ.പിയെ തലോടിയും ലേഖനം

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാല ബിഷപ്പ് പറഞ്ഞതു സത്യമായിരുന്നുവെന്ന് സി.പി.എമ്മും സമ്മതിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ദീപിക ദിനപത്രത്തില്‍ ലേഖനം. മുഖ്യമന്ത്രിയും സി.പി.എമ്മും അറിഞ്ഞുകൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് തുറന്നു പറഞ്ഞതെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ദീപിക അസോസിയേറ്റ് എഡിറ്റര്‍ സി.കെ.കുര്യാച്ചന്‍ എഴുതിയ ലേഖനത്തില്‍ അടിവരയിടുന്നുണ്ട്.

ബിഷപ്പ് പറഞ്ഞതിന് ചിലര്‍ മത പരിവേഷം നല്‍കാനാണ് ശ്രമിച്ചത്. സി.പി.എം ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ലേഖനം. ഒപ്പം ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. വിഷയത്തില്‍ മുതലെടുപ്പുമായി എത്തിയ ബി.ജെ.പിക്കെതിരേയും കടുത്ത വിമര്‍ശനങ്ങളാണുള്ളത്.
ബി.ജെ.പിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനുനേരെയുമുണ്ട് ഒളിയമ്പ്. ക്ലീന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസിലായതുകൊണ്ടാവാം പാലായിലേക്ക് അദ്ദേഹം പോകാതിരുന്നതെന്നും കുറ്റപ്പെടുത്തുന്നു.
സത്യത്തില്‍ സി.പി.എം വെളുക്കാന്‍ തേച്ചത് പാണ്ടായതിന്റെ അങ്കലാപ്പിലാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രഭാഷകര്‍ക്ക് വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് അവരെ വര്‍ധിത വീര്യത്തോടെ തിരിഞ്ഞു കുത്തുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ സി.പി.എം അനുഭവിക്കേണ്ടിതന്നെ വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.