2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഡീപ് ഫേക്ക് ഫോട്ടോ’; ഗൂഗിളും മെറ്റയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

‘ഡീപ് ഫേക്ക് ഫോട്ടോ’; ഗൂഗിളും മെറ്റയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

   

ഡീപ് ഫോക്ക് ഫോട്ടോ പ്രചരിക്കുന്നതില്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്ക് വീഡിയോ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഡീപ്‌ഫേക്കുകള്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡീപ്‌ഫേക്ക് വീഡിയോ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടുത്തിടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസയച്ചിരുന്നു. അതിനുള്ള അവര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. അത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ സ്ഥാപനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെറ്റ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളെയാണ് വിളിച്ചു ചേര്‍ക്കുന്നത്.

നേരത്തെ എഐ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തും അഭിപ്രായം പങ്കുവെച്ചിരുന്നു. എഐയുടെ ദുരുപയോഗത്തില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഡീപ് ഫേക്ക്

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ സംവിധാനമാണ് എഐ ഡീപ്‌ഫേക്ക്. യഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്‌ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഒറിജിനലും ഫേക്കും കണ്ടുപിടിക്കാന്‍ പ്രയാസമാണ്. വ്യക്തിയുടെ മുഖത്തെ സവിശേഷതകള്‍, ഭാവങ്ങള്‍, ശബ്ദ പാറ്റേണുകള്‍, ടാര്‍ഗെറ്റ് ചെയ്ത വ്യക്തിക്ക് പ്രത്യേകമായുള്ള മറ്റ് സവിശേഷതകള്‍ ഉണ്ടെങ്കില്‍ അത് എന്നിവ തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്യുന്നു. വീഡിയോകളിലോ ചിത്രങ്ങളിലോ മറ്റ് വ്യക്തികളിലേക്കോ ഈ പുനര്‍നിര്‍മ്മിച്ച ഡാറ്റ ചേര്‍ക്കാന്‍ എഐയ്ക്ക് കഴിയും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുക, ആള്‍മാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാകുമെന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.