
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പൊലിസ് വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയിലുന്നയാളും തീവയ്പ്പില്‍ പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറുമാണ് ഇന്നു മരിച്ചത്. അസമില്‍ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിരോധനം അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്.
അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ അസമിലുണ്ടായതിനേക്കാള് രൂക്ഷമായ പ്രക്ഷോഭമാണ് ഇപ്പോള്‍ പശ്ചിമബംഗാളില്‍ നടക്കുന്നത്. അഞ്ച് ട്രെയിനുകള്‍ക്കും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും 25 ബസുകള്‍ക്കും പ്രക്ഷോഭകര്‍ തീവയ്ക്കുകയുണ്ടായി.
അസമില്‍ ഇന്റര്‍നെറ്റ് നിരോധനത്തിന്റെ സമയം നീട്ടിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി വരെയാണ് കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും തുടരുക.
ഒപ്പം മേഘാലയയിലും നാഗാലാന്‍ഡിലും പ്രതിഷേധം തുടരുകയാണ്. ഇതേത്തുടര്‍ന്ന് യു.ജി.സി നെറ്റ് പരീക്ഷകള്‍ അടക്കം ഇവിടെ മാറ്റിവച്ചു.
നാഗാലാന്‍ഡില്‍ ഇന്നലെ ആറു മണിക്കൂര്‍ ഹര്‍ത്താലായിരുന്നു. സ്കൂളുകളും മാര്‍ക്കറ്റുകളും മറ്റും അടഞ്ഞുകിടന്നു.