2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.ഐയെ മൃഗത്തോട് ഉപമിച്ച് മേലുദ്യോഗസ്ഥയുടെ അധിക്ഷേപം: പൊലിസ് സേനയില്‍ അമര്‍ഷം; വിശദീകരണം തേടി കമ്മിഷ്ണര്‍

കോഴിക്കോട്: എസ്.ഐയെ വിഡ്ഢിയെന്നധിക്ഷേപിച്ചും മൃഗത്തോടുപമിച്ചുമുള്ള മേലുദ്യോഗസ്ഥയുടെ ‘പരസ്യ ശാസന’യില്‍ പൊലിസ് സേനയില്‍ അമര്‍ഷം. ‘പരസ്യ ശാസന’ വയര്‍ലെസിലൂടെ യോഗത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും കേട്ടതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് ഡെപ്യൂട്ടി പൊലിസ് കമീഷണര്‍ എം.ഹേമലത.
പൊലിസുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ലേനാംഗങ്ങള്‍ പരാതിയുമായെത്തിയതോടെ ഡെപ്യൂട്ടി പൊലിസ് കമീഷണറില്‍ നിന്ന് സിറ്റി പൊലിസ് കമ്മിഷ്ണര്‍ വിശദീകരണം തേടി.

ക്രമസമാധാന ചുമതല വഹിക്കുന്ന ഡി.സി.പി എം. ഹേമലതയില്‍ നിന്നാണ് സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജ് വിശദീകരണം തേടിയിരിക്കുന്നത്. ഏപ്രില്‍ 13ന് രാവിലെയാണ് സംഭവം. പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെയാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടറെ മേലുദ്യോഗസ്ഥ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്.

ഫ്‌ളയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്.ഐ തലത്തിലുളള ഉദ്യോഗസ്ഥന്‍ വേണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാകാത്തതാണ് ഡി.സി.പിയെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിങ് വാഹനങ്ങളിലെല്ലാം എസ്.ഐമാര്‍ വേണമെന്ന നിര്‍ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെയായിരുന്നു നിങ്ങള്‍ മൃഗങ്ങളാണോ നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ തുടങ്ങിയ കടുത്ത പ്രയോഗങ്ങളിലൂടെ ഡി.സി.പി ആക്രോശിക്കുകയായിരുന്നുവെന്നാണ് പരാതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.