ഹരിയാന: ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പി കലാപകാരികള്‍ അഴിച്ചു വിട്ട അക്രമങ്ങള്‍ക്കു പിന്നാലെ ആരംഭിച്ച സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ് നാലാം നാളിലേക്ക്. നൂഹിലെ പ്രധാന ഹോട്ടലുകളിലൊന്നായ ഹോട്ടല്‍ സഹാറയാണ് ഇന്ന് പൊളിച്ചു നീക്കുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പെടെ ഡസനിലേറെ കടകളാണ് ശനിയാഴ്ച പൊളിച്ചു നീക്കിയത്. അനധികൃതം എന്ന് ആരോപിച്ചാണ് ഭരണകൂടത്തിന്റെ നടപടി.
വെള്ളിയാഴ്ച 250 കുടിലുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ടോരുവില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന കുടിലുകളാണ് പൊളിച്ചു മാറ്റിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ താമസിക്കുന്ന ഇവര്‍ കുടിയേറ്റക്കാരാണെന്നും സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ അഴിച്ചു വിട്ടതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നുമാണ് ഭരണകൂടം പറയുന്നത്.
സംഘര്‍ഷം ഉണ്ടായ ഹരിയാനയിലെ നൂഹില്‍ കനത്ത ജാഗ്രത തുടരുകയാണ്. ആറു പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. രണ്ടുദിവസമായി സംഘര്‍ഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസേനയുടെ സുരക്ഷ തുടരാനാണ് നിര്‍ദ്ദേശം. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട 49 എഫ്‌ഐആറിലുമായി 165 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഹരിയാന പൊലിസ് അറിയിച്ചു.
സംഘര്‍ഷങ്ങള്‍ക്ക് കാരണമായാതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കി. ഒളിവില്‍ ഇരുന്ന് മാധ്യമങ്ങള്‍ക്ക് അടക്കം അഭിമുഖം നല്‍കുന്ന മോനുവിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Comments are closed for this post.