
കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തിനെയും കുരുക്കി കൂടുതല്‍ തെളിവുകള്‍. വിവാഹം കഴിഞ്ഞ് വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാന്‍ പ്രതികള്‍ നീക്കം നടത്തിയതിനും തെളിവുലഭിച്ചു.
മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്. വിവാഹത്തിനു ശേഷമുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മോഫിയ ഭര്‍ത്താവിനോട് നിരവധി തവണ ശബ്ദസന്ദേശം അയച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈല്‍ നല്‍കുന്നില്ല.
കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും.
മകന് വധുവായി ഡോക്ടര്‍ വേണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെത്രെ. ഡോക്ടറില്‍ കുറഞ്ഞ ഒരാളെ മകന് വിവാഹം ചെയ്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ കൂടി ഭര്‍തൃ മാതാപിതാക്കള്‍ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ ഭര്‍ത്താവ് സുഹൈല്‍, ഭര്‍തൃമാതാവ് റുഖിയ, ഭര്‍തൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.