
യു.എസില്‍ നിന്നുള്ള ഉപയോക്താക്കളുടെ 3.2 ദശലക്ഷം റെക്കോര്‍ഡുകള്‍ കൈവശമുണ്ടെന്ന് ഡാറ്റ വില്പനയ്ക്ക് വെച്ച വ്യക്തി. ഫോണ്‍ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കുമെന്നും ആശങ്ക
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളില്‍ നിന്നായി 50 കോടി വാട്സ്ആപ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്. ലോകത്ത് ഇതുവരെയുണ്ടായ എക്കാലത്തെയും വലിയ ഡാറ്റാ ലംഘനങ്ങളിലൊന്നാണിത്. ഒരു ജനപ്രിയ ഹാക്കിങ് ഫോറത്തില്‍ വില്‍പ്പനയ്ക്കെത്തിയ ഡാറ്റാബേസില്‍ വാട്സ്ആപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് സൈബര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസില്‍ നിന്നുള്ള ഉപയോക്താക്കളുടെ 3.2 ദശലക്ഷം റെക്കോര്‍ഡുകള്‍ കൈവശമുണ്ടെന്ന് ഡാറ്റ വില്പനയ്ക്ക് വെച്ച വ്യക്തി അവകാശപ്പെടുന്നു. ഇന്ത്യ, ഈജിപ്ത്, ഇറ്റലി, ഫ്രാന്‍സ്, യു.കെ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഇതിലുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, യു.എസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് ലഭ്യമാണ്. യു.കെയ്ക്ക് 2,500 ഡോളര്‍ വിലവരും.
വില്‍പ്പനക്കാരനെ നേരിട്ട് ബന്ധപ്പെട്ടതായി സൈബര്‍ ന്യൂസ് വെളിപ്പെടുത്തി. തെളിവായി അദ്ദേഹം യു.കെ അടിസ്ഥാനമാക്കിയുള്ള 1,097 നമ്പറുകള്‍ പങ്കുവച്ചു. ഇവ പരിശോധിച്ച് വാട്സ്ആപ് അക്കൗണ്ടുകളില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് ഹാക്കര്‍ വ്യക്തമാക്കിയില്ല.
ഇത്തരം വിവരങ്ങള്‍ പലപ്പോഴും സ്മിഷിങ്, വിഷിങ് തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ഉപയോക്താവിന് വാചക സന്ദേശം അയക്കുകയും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത് ക്രെഡിറ്റ് കാര്‍ഡോ മറ്റ് വ്യക്തിഗത വിവരങ്ങളോ നല്കാന് ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന രീതിയാണിവ.
വാട്സ്ആപും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്. മെറ്റയുടെ ഒരു പ്ലാറ്റ്ഫോമില്‍ ഡാറ്റാ ലംഘനം സംഭവിക്കുന്നത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വര്‍ഷം, ഇന്ത്യയില്‍ നിന്നുള്ള 60 ലക്ഷം റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. ചോര്‍ന്ന ഡാറ്റയില്‍ ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുന്നു.
Comments are closed for this post.