2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ദാറുൽഹുദാ: ദേശാതിർത്തികൾ ഭേദിച്ച വിദ്വൽപ്രസ്ഥാനം

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

കേരളീയ മുസ്‌ലിം മതവിദ്യാഭ്യാസ രംഗത്തെ പാരമ്പര്യസമ്പ്രദായങ്ങളിൽ ഏറെ സ്വാധീനമുണ്ടാക്കിയ പള്ളി ദർസുകൾ ശോഷിച്ചുവരികയും ശാസ്ത്ര-സാമ്പത്തിക മുന്നേറ്റങ്ങളിൽ മതപഠനം അസ്തമിച്ചുപോയേക്കുമോ എന്ന ഭയപ്പാട് സമുദായ നേതൃത്വത്തെ ഗ്രസിച്ചു കൊണ്ടിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മലപ്പുറം ജില്ലയിലെ ചെമ്മാട് ഹിദായ നഗർ ആസ്ഥാനമാക്കി ദാറുൽഹുദാ എന്ന പുതിയ ആശയം രൂപപ്പെട്ടത്. അഗ്രഗണ്യരായ നിരവധി പാരമ്പര്യ മതപണ്ഡിതരും പഠിതാക്കളും ഉണ്ടായിട്ടും ആധുനികതയോട് സംവദിക്കാനും ദേശ-ഭാഷാ വൈജാത്യങ്ങൾക്കതീതമായി ഇടപെടാനും നൂതന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ജ്ഞാന കൈമാറ്റം നടത്താനും യോഗ്യരായവരുടെ അഭാവം അക്കാലത്ത് വലിയ പ്രതിസന്ധി തീർത്തിരുന്നു. അങ്ങനെയാണ് ആശയപരമായി പാരമ്പര്യത്തിന്റെ എല്ലാ നിദാനങ്ങളും ഉൾകൊള്ളുന്ന, പ്രയോഗപരമായി പരിഷ്‌കരണം സാധ്യമാക്കുന്ന തരത്തിൽ ദാറുൽഹുദാ എന്ന പുതിയ പരീക്ഷണശാല സ്ഥാപിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതാക്കളായിരുന്ന എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി തുടങ്ങിയവരുടെ വിശ്വാസഭദ്രതയും നിശ്ചയദാർഢ്യവും ചേർന്ന് കർമനൈരന്തര്യത്തിന്റെ ഉത്പന്നമായി 1986-ൽ ദാറുൽഹുദാ പ്രയാണമാരംഭിച്ചപ്പോൾ കേരളീയ മതവിദ്യാഭ്യാസ രംഗത്തെ വേറിട്ട സംവിധാനത്തിനാണ് നാന്ദികുറിച്ചത്. മതപഠനങ്ങളുടെ പരമ്പരാഗത ദർസ് സംവിധാനത്തിനും അറബിക് കോളേജ് മാതൃകകൾക്കും ഭിന്നമായ പഠനരീതി സമൂഹത്തിനു പരിചയപ്പെടുത്തുക എന്നത് ശ്രമകരമായിരുന്നു.

എഴുപതുകളിൽ കടമേരി റഹ്മാനിയ്യയിൽ എം.എം ബശീർ മുസ്‌ലിയാർ സമന്വയ പാഠ്യപദ്ധതി നടപ്പാക്കിയിരുന്നുവെങ്കിലും അതിലൂടെ ബോധ്യപ്പെട്ട ന്യൂനതകൾ ആവതു പരിഹരിച്ചാണ് ദാറുൽഹുദാ ആശയരൂപം പ്രാപിച്ചത്. വിജ്ഞാനത്തിന്റെ അഭ്യസനവും തദനുസൃത വ്യക്തിത്വ സംസ്‌കരണവും ആത്മശുദ്ധീകരണവും ഉൾകൊള്ളുന്ന വിശാല വിദ്യാഭ്യാസ രീതിയാണ് ദാറുൽഹുദായിലൂടെ വിഭാവനം ചെയ്തത്. ഇസ്‌ലാമിക ലോകത്തുനിന്ന് മുറിഞ്ഞുപോയ വിജ്ഞാനോത്പാദനം പുനരാരംഭിക്കുകയും ആരോഗ്യകരമായ ജ്ഞാന ചർച്ചകളും സംവാദങ്ങളും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന വ്യത്യസ്ത കാംപസ് എന്നതായിരുന്നു ലക്ഷ്യം. പലരും സംശയദൃഷ്ട്യാ വീക്ഷിക്കുകയും വിമർശനാത്മകമായി പ്രതികരിക്കുകയും ചെയ്തുവെങ്കിലും, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ പ്രാർഥനയും പിന്തുണയും അവർ പകർന്ന ആത്മധൈര്യവുമായിരുന്നു ദാറുൽഹുദായുടെ മുന്നോട്ടുള്ള സഞ്ചാരത്തിനു ഊർജമേകിയത്.

പൗരാണിക രീതിയിൽ പഠനം പൂർത്തീകരിച്ച മതപണ്ഡിതർ മതകീയ പരിസരങ്ങളിൽ ഒതുങ്ങുകയും ആശയ-ആദർശ മേഖലകളിൽ മാത്രം ഊർജം ചെലവഴിക്കുകയും ചെയ്തുവന്നിരുന്ന സാഹചര്യങ്ങളിൽനിന്നു കുറേകൂടി മുന്നേറി പൊതുസമൂഹവുമായി സംവദിക്കാനും ഇസ്‌ലാമിന്റെ ആത്യന്തിക ദൗത്യമായ മതപ്രബോധനവും വൈജ്ഞാനിക പ്രസരണവും ദേശ-ഭാഷകൾക്കതീതമായി നിർവഹിക്കാനും സജ്ജരായ പണ്ഡിതരെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു സ്ഥാപക ശിൽപികളുടെ സ്വപ്‌നം. കേരളീയ പരിസരങ്ങളിലും മലയാളി ഇടങ്ങളിലും മാത്രം സാന്നിധ്യമറിയിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയവും സന്ദേശവും രാജ്യമൊട്ടാകെ വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യത നേതാക്കൾക്ക് ബോധ്യപ്പെട്ടിരുന്നു. മലയാളി മുസ്‌ലിംകൾ അന്യതയോടെ സമീപിച്ച ഉർദു ഭാഷ നിർബന്ധിത പഠനവിഷയമാക്കിയതോടെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള മതബോധന-ആശയ കൈമാറ്റത്തിന്റെ പുതിയ വാതായനം ദാറുൽഹുദാ തുറന്നു. അറബിയും ഇംഗ്ലീഷും വായനയിലൊതുക്കുന്നതിനു പകരം പ്രസംഗ-രചനാ തലങ്ങളിൽ വരെ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചു.

മൂന്നു വ്യാഴവട്ട കാലംകൊണ്ട് വൈജ്ഞാനികരംഗത്ത് സ്വന്തവും തനിമയുറ്റതുമായ ഇടം സൃഷ്ടിച്ച ദാറുൽഹുദാ വേറിട്ട ഇസ്‌ലാമിക സർവകലാശാല എന്ന ആശയത്തിലേക്ക് അതിദ്രുതം സഞ്ചരിക്കുകയാണ്. സ്ഥാപനത്തിന്റെ ഭൗതിക ചട്ടക്കൂടിലും സാങ്കേതിക സംവിധാനങ്ങളിലും നൂതനരീതികളും ഇതര മാതൃകകളും പരീക്ഷിച്ചും പ്രയോഗവത്കരിച്ചും മുന്നേറിക്കൊണ്ടിരിക്കുന്നു. 2009-ലാണ് ഇസ് ലാമിക സർവകലാശാലയായി സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അപ്ഗ്രേഡ് ചെയ്തത്. ഒരു വർഷത്തിനകംതന്നെ ആഗോള ഇസ് ലാമിക സർവകലാശാലകളുടെ പൊതുവേദിയായ ലീഗ് ഓഫ് ദ ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസിൽ (കൈറോ) അംഗത്വം ലഭിച്ചു. താമസിയാതെ, മൊറോക്കോയുടെ തലസ്ഥാനമായ റബാഥ് ആസ്ഥാനമായുള്ള ഫെഡറേഷൻ ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേൾഡിലും അംഗമായി.

മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മൊറോക്കോവിലെ അൽഖറവിയ്യീൻ യൂനിവേഴ്‌സിറ്റി, ബ്രൂണെയിലെ സുൽത്താൻ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, നെതർലന്റ്‌സിലെ റോട്ടർഡാം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, തുർക്കിയിലെ അങ്കാറ യൂനിവേഴ്‌സിറ്റി, കുവൈത്ത് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങി ഒരു ഡസനിലധികം രാജ്യാന്തര സർവകലാശാലകളുമായി അക്കാദമിക സഹകരണം നടത്തുന്നു. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ യൂനിവേഴ്‌സിറ്റി തുടങ്ങിയ ദേശീയ സർവകലാശാലകൾ ദാറുൽഹുദായുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
എജുക്കേഷനൽ ബോർഡിനു കീഴിൽ സെക്കൻഡറി-സീനിയർ സെക്കൻഡറി കോഴ്‌സുകൾ, അഞ്ച് കുല്ലിയ്യ (ഫാക്കൽറ്റി)കളിലായി പി.ജി തലത്തിൽ പത്ത് ഡിപ്പാർട്ട്‌മെന്റുകൾ, ഡിഗ്രിയിൽ ആറ് ഡിപ്പാർട്ട്‌മെന്റുകൾ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളുമടങ്ങിയതാണ് ദാറുൽഹുദാ സർവകലാശാല.കേരളത്തിനകത്തും പുറത്തും ലോകവ്യാപകവുമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നത് ദാറുൽഹുദായുടെ സ്ഥാപിത ലക്ഷ്യമാണ്. 1999-ൽ കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കായി കാംപസിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ സ്ഥാപിച്ചു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനു അവിടങ്ങളിൽ കാംപസുകൾ സ്ഥാപിക്കലാണ് സുഗമമായ വഴി എന്ന ബോധ്യത്തിൽ നിന്നാണ് അസമിലെ ബൈശയിലും പശ്ചിമ ബംഗാളിലെ ഭീംപൂരിലും ആന്ധ്രയിലെ പുങ്കനൂരിലും ഉത്തര കർണാടകയിലെ ഹാംഗലിലും ഓഫ് കാംപസ് സെന്ററുകൾ സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ വഡോളിയിലെ അഞ്ചാമത് ഓഫ് കാംപസിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ബിഹാറിലും ഉത്തർപ്രദേശിലും ത്രിപുരയിലും കാംപസുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ദാറുൽഹുദാ മാനേജ്‌മെന്റ്. വിവിധ സംസ്ഥാനങ്ങളിലെ കാംപസുകൾ കേന്ദ്രീകരിച്ച്, പ്രാദേശികമായ സാമൂഹിക വൈജ്ഞാനിക ശാക്തീകരണവും വിദ്യാഭ്യാസ മുന്നേറ്റവും സാധ്യമാക്കുന്നതിനു പ്രാഥമിക മതപഠനശാലകൾ, മോഡൽ മഹല്ല്-വില്ലേജ് പദ്ധതികൾ തുടങ്ങിയ വിവിധ പദ്ധതികൾ പൂർവ വിദ്യാർഥി സംഘടന ‘ഹാദിയ’ക്കു കീഴിൽ ആവിഷ്‌കരിക്കുന്നുണ്ട്. ഇതുവഴി അടിത്തട്ടിൽ നിന്നാരംഭിക്കുന്ന മാറ്റങ്ങൾ അടരുകളിൽനിന്ന് അടരുകളിലേക്ക് വ്യാപിക്കുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്.

സമൂഹ വളർച്ചയിൽ അടിക്കല്ലായി വർത്തിക്കേണ്ടവരാണ് സ്ത്രീ സമൂഹം. അവരുടെ ശാക്തീകരണവും ധാർമിക-വിദ്യാഭ്യാസ പുരോഗതിയും മതശിക്ഷണവും ലക്ഷ്യംവച്ചാണ് സഹ്‌റാവിയ്യ, മഹ്ദിയ്യ കോഴ്‌സുകൾ വിഭാവനം ചെയ്തത്. പ്രായ ഭേദമന്യെ ഇസ്‌ലാമിക പഠനം സാധ്യമാക്കാനുള്ള വഴികൾ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എജുക്കേഷൻ ആൻഡ് ട്രെയ്‌നിങ്ങി (സിപെറ്റ്)നു കീഴിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള 38 കാംപസുകളിലായി 9881 വിദ്യാർഥികൾ, പൊതുവിദ്യാഭ്യാസ സംരംഭത്തിനു കീഴിൽ 4250 പഠിതാക്കൾ, പൂർവ വിദ്യാർഥി സംഘടന ‘ഹാദിയ’ക്കു കീഴിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 89740 പഠിതാക്കൾ. അതായത് രാജ്യത്ത് ഒരു ലക്ഷത്തിലധികം പേർ ദാറുൽഹുദായുടെ തണലിൽ അറിവ് നേടുന്നു. അറബ് ഇതര രാഷ്ട്രങ്ങളിൽ വരെ വാഴ്‌സിറ്റിയുടെയും ഹാദിയയുടെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവിധ കോഴ്‌സുകൾ നടക്കുന്നു. രാജ്യത്തിനകത്തും പുറത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ദാറുൽഹുദാ മോഡൽ വിദ്യാഭ്യാസ സംവിധാനം നടപ്പാക്കുക എന്ന സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങളിൽ കർമനിരതരായിരിക്കുകയാണ് വാഴ്‌സിറ്റിയും പൂർവ വിദ്യാർഥി സംഘടന ‘ഹാദിയ’യും.
ദാറുൽഹുദാ സംവിധാനങ്ങളിലെ രണ്ടായിരത്തിലധികം വിദ്യാർഥികൾ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവം, വാഴ്‌സിറ്റിയുടെ പന്ത്രണ്ട് വർഷത്തെ പഠനവും ദ്വിവർഷ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ പണ്ഡിതർക്കുള്ള ഹുദവി പട്ടം നൽകുന്ന ബിരുദദാനം, നേതൃസ്മൃതി സമ്മേളനം എന്നിവ ഇന്ന് മുതൽ ഡിസംബർ അഞ്ചു വരെ വിപുലമായി നടക്കുകയാണ്. ദേശാതിർത്തികൾ ഭേദിച്ച കലാവിഷ്‌കാരങ്ങളുടെ മനോഹര ദൃശ്യങ്ങൾക്കാണ് ദാറുൽഹുദാ സാക്ഷിയാകുന്നത്. ധർമനിഷ്ഠമായ കലകളെ ഉദാത്തവത്കരിക്കുകയും അവ സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുകയും ചെയ്യുക എന്ന പവിത്രദർശനമാണ് സിബാഖിലൂടെ ലക്ഷ്യമാക്കുന്നതും പ്രയോഗവത്കൃതമാക്കുന്നതും.
സൃഷ്ടിപരവും ഫലദായകവും ക്രിയാത്മകവുമായ ഏതു സംവിധാനങ്ങളും നിരർഥകമായ ചോദ്യങ്ങൾ, വിമർശനങ്ങൾ, നിരൂപണങ്ങൾ, അപഗ്രഥനങ്ങൾ മുതലായവ അഭിമുഖീകരിക്കേണ്ടി വരിക സ്വാഭാവികമാണ്. ഗുണവശങ്ങൾ സ്വീകരിച്ചും ദുഷ്പ്രചാരണങ്ങളെ തൃണവത്ഗണിച്ചും സ്ഥാപകരുടെ സ്വപ്‌നങ്ങൾക്ക് നിറം പകരാനുള്ള പ്രയത്‌നങ്ങൾ ദാറുൽഹുദാ തുടർന്നുകൊണ്ടിരിക്കുകയാണ്.

‘നന്മയിലേക്കു ക്ഷണിക്കുകയും സൽക്കർമങ്ങൾ കൽപിക്കുകയും ദുഷ്‌കർമങ്ങൾ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നുണ്ടാകണം. അവർ തന്നെയാണു വിജയികൾ'(വി.ഖു. 3:104).

(ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല വൈസ് ചാൻസലറാണ് ലേഖകൻ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.