2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

100 വർഷത്തെ അവഗണന; ഒടുവിൽ ദലിതർ ക്ഷേത്ര പ്രവേശനം നടത്തി, കാരണമായത് രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കം

100 വർഷത്തെ അവഗണന; ഒടുവിൽ ദലിതർ ക്ഷേത്ര പ്രവേശനം നടത്തി, കാരണമായത് രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കം

തിരുവനന്തപുരം: 100 വർഷത്തിലേറെയായി അകറ്റിനിർത്തപ്പെട്ട ദലിത് ജനത ഒടുവിൽ കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശക്തമായ പൊലിസ് സന്നാഹത്തിലാണ് നാളിതുവരെ അനുഭവിച്ച അവഗണന അവസാനിപ്പിച്ച് ദലിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് ബുധനാഴ്ച നൂറുകണക്കിന് ദലിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്.

സംഭവത്തിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർ ഇതുവരെ പ്രതിഷേധമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഗ്രാമത്തിൽ ശക്തമായ പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഏറെ നാളായുള്ള ദലിതരുടെ ആവശ്യമായിരുന്നു ക്ഷേത്ര പ്രവേശനം. എന്നാൽ വണ്ണിയാർ സമുദായത്തിൽ നിന്നുള്ളവർ ഇവരെ അവഗണിക്കുകയായിരുന്നു. ഒടുവിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ ക്ഷേത്ര പ്രവേശനത്തിലേക്ക് എത്തിച്ചത്.

ജൂലൈയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ദലിതരും വണ്ണിയാരും തമ്മിൽ തുടർന്ന് വരുന്ന തർക്കത്തെ ചൊല്ലി രണ്ട് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. ദലിതരും വണ്ണിയാറുമായ യുവാക്കൾ ഒരേ സ്‌കൂളിൽ പഠിച്ചശേഷം ജോലിക്കായി ചെന്നൈയിലേക്ക് മാറിയവരാണ്. ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇവരുടെ ആദ്യത്തർക്കം. പിന്നീട് ഇവർ ഗ്രാമത്തിൽ കണ്ടുമുട്ടിയപ്പോൾ ഏറ്റുമുട്ടുകയായിരുന്നു.

ഇതേത്തുടർന്ന് ദലിതർ തങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലിസ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ശേഷം ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് അവർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡിഐജി (വെല്ലൂർ റേഞ്ച്) എം എസ് മുത്തുസാമിയുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം ഗ്രാമത്തിൽ നിലയുറപ്പിച്ചു.

ക്ഷേത്രത്തിൽ പ്രാർത്ഥനയും പൊങ്കാലയും നടത്തുന്ന നവദമ്പതികൾക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം നൽകപ്പെടുമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം. 30 വർഷം മുമ്പ് ഗ്രാമത്തിൽ പണികഴിപ്പിച്ച കാളിയമ്മാൾ ക്ഷേത്രത്തിലായിരുന്നു ഇതുവരെ ദലിതർ പ്രാർത്ഥന നടത്തിവന്നിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.