ഭോപ്പാല്‍: സഹോദരിയെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയതിന് 18കാരനായ ദലിത് യുവാവിനെ അടിച്ചു കൊന്നു. തടയാന്‍ വന്ന മാതാവിനെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയേയും അക്രമികള്‍ മര്‍ദ്ദിച്ചവശയാക്കി. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ അക്രമം. ഇരയുടെ വീട്ടിനുള്ളിലും അക്രമികള്‍ അഴിഞ്ഞാടി. വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിടുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി പൊലിസ് പറയുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019 ൽ പ്രതികളിൽ ചിലർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമൾ സിംഗ്, വിക്രം സിംഗ്,ആസാദ് സിംഗ് തുടങ്ങിയവർ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകർക്കുകയും ചെയ്തു.സഹോദരനെ അതിക്രൂരമായി മർദ്ദിച്ചു. ഇത് തടയാനെത്തിയ അമ്മയെ നഗ്‌നയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പ്രതികളിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികൾക്കെതിരെ സെക്ഷൻ 307,302, എസ്.സി,എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി സഞ്ജീവ് യു.കെ പറഞ്ഞു.
സംഭവത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.ബിജെപി മധ്യപ്രദേശിനെ ദലിത് വിവേചനത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയെന്നാണ് സംഭവത്തോട് പ്രതികരിച്ച് ഖാർഗെ എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തത്. യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനടപടിയെടുക്കണമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു.
Comments are closed for this post.