ചെന്നൈ: മന്ദോസ് ചുഴലിക്കാറ്റ് കര തൊട്ടതിനു പിന്നാലെ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുന്നത്.
അതേ സമയം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള 16വിമാനങ്ങള്‍ റദ്ദാക്കി. 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദു ചെയ്തിരിക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മന്ദോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.
ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍, കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.
Comments are closed for this post.