ന്യുഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഗുജറാത്തില്‍ ശക്തമായ കാറ്റും മഴയും. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകള്‍ തകര്‍ന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്നു വീണു.
അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങില്‍ 25 സെന്റിമീറ്റര്‍ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി വരെ ചുഴലിക്കാറ്റ് തീവ്രതമായി വീശും. ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗര്‍ മേഖലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഇതുവരെ നല്‍കിയിരിക്കുന്നത്. പോര്‍ബന്ദര്‍, രാജ്‌കോട്ട്, മോര്‍ബി, ജുനഗഡ് മേഖലകളില്‍ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങള്‍ നീണ്ട വലിയ മുന്നൊരുക്കളാണ് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഗുജറാത്തില്‍ നടക്കുന്നത്.
മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. കാറ്റഗറി മൂന്നില്‍പെടുന്ന അതി തീവ്ര ചുഴലിക്കാറ്റായി എത്തുന്ന ബിപോര്‍ജോയുടെ സഞ്ചാരപാതയില്‍ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
മൂന്നു സൈനിക വിഭാഗങ്ങളും സര്‍വ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകള്‍ നാവികസേന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് തീരം തൊടും മുന്‍പേ തന്നെ കാറ്റും കോളും കടല്‍ക്ഷോഭവും കരയെ വിറപ്പിച്ചു. ആള്‍നാശം ഒഴിവാക്കാന്‍ അതീവജാഗ്രതയോടെ ഗുജറാത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
Comments are closed for this post.