2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നയം വ്യക്തമാക്കാതെ പാഠ്യപദ്ധതി പരിഷ്കരണം

ടി.സി അബ്ദുൽ ലത്തീഫ്

ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചകൾക്കുശേഷം അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. വിവാദങ്ങളും വിമർശനങ്ങളും ധാരാളമായി ഏറ്റുവാങ്ങിയ പാഠ്യപദ്ധതി പരിഷ്കരണ സമൂഹചർച്ചയുടെ റിപ്പോർട്ട് വ്യക്തമാക്കാതെയാണ് പരിഷ്കരണ പ്രവർത്തനങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് പ്രവേശിച്ചിരിക്കുന്നത്. സമൂഹത്തിൽനിന്ന് സ്വീകരിച്ച നിർദേശങ്ങളെക്കുറിച്ച് നിലപാട് പറയാതെയും പാഠപുസ്തക രചനയിൽ എന്തു നയമാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാതെയുമുള്ള പരിഷ്കരണ പ്രവർത്തനങ്ങൾ ആശങ്ക ഉളവാക്കുന്നുണ്ട്.


സ്കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് തുടങ്ങിയ മേഖലകളിലെല്ലാം കരടു നിർദേശം സംബന്ധിച്ച് ചർച്ചകൾ നടന്നു. 42 ലക്ഷം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു നിർദേശങ്ങൾ നൽകിയെന്ന് വകുപ്പ് മന്ത്രി അവകാശവാദമുന്നയിച്ചു. സകൂൾതല ചർച്ചകൾക്കുശേഷം ത്രിതല പഞ്ചായത്തുകളും ചർച്ചകൾ പൂർത്തീകരിച്ച് നിർദേശങ്ങൾ സമർപ്പിച്ചു. സംസ്ഥാനതലത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയോ ജില്ലകളിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ ക്രോഡീകരണമോ ഉണ്ടായതായി എവിടെയും കാണാനായില്ല. ചർച്ചകളുടെ ഒരു കരടും രൂപപ്പെടാതെ പുതിയ പാഠപുസ്തക നിർമാണത്തിലേക്ക് കടക്കുന്നെങ്കിൽ എന്തിനായിരുന്നു ഈ ചർച്ചകളൊക്കെ? ചർച്ചകളിൽ പൊതുസമൂഹം ഉന്നയിച്ച ആശങ്കകളിൽ അധികൃതരുടെ നിലപാടുകൾ എന്താണെന്നറിയാൻ പൊതുസമൂഹത്തിന് അവകാശവും അധികാരവും ഇല്ലേ?


എസ്.ഇ.ആർ.ടി പുറത്തിറക്കിയ സമൂഹ ചർച്ചക്കുറിപ്പിൽ ഉയർന്ന പ്രധാന ആശങ്കയിൽ ഒന്നാണ് ലിംഗസമത്വം. പഠന ബോധന രീതി, പാഠപുസ്തകങ്ങൾ, കളിസ്ഥലം, സ്കൂൾ വാഹനം തുടങ്ങിയവ ജന്റർ ഓഡിറ്റിങ്ങിന് വിധേയമാക്കി ആൺ-പെൺ വിവേചനം അവസാനിപ്പിക്കണമെന്ന നിർദേശം ചർച്ചകളിൽ ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടില്ല. വിദ്യാർഥികൾ മുതൽ ജില്ലാ പഞ്ചായത്ത് വരെയുള്ള ചർച്ചകളിൽ ഈ നിർദേശത്തെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ചർച്ചകൾക്കുശേഷം സർക്കാർ കൈക്കൊണ്ട സമീപനം എന്താണെന്ന് ഇതുവരെ സമൂഹത്തോട് പറയാൻ അധികൃതർ തയാറാവാത്തത് ആശങ്ക വർധിപ്പിക്കുന്നു. ലിംഗസമത്വം ഒഴിവാക്കി പകരം ലിംഗനീതിയിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുമെന്ന് പാഠ്യപദ്ധതി കോർ കമ്മിറ്റി അംഗീകരിച്ച കരടുചട്ടക്കൂടിൽ ശുപാർശയുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും അധ്യാപക സംഘടനകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല.


മദ്റസാപഠനത്തെ സാരമായി ബാധിക്കുന്ന സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി അന്ന് പ്രസ്താവന നടത്തിയെങ്കിലും മറ്റുള്ള വിഷയങ്ങളിൽ സംസ്ഥാനതലത്തിൽ ചർച്ചയോ നയരൂപീകരണമോ പ്രഖ്യാപനമോ ഉണ്ടായിട്ടില്ല. വിമർശനാത്മക പഠനം വളർത്താനുതകുന്ന പാഠപുസ്തകം തയാറാക്കണം എന്നായിരുന്നു മറ്റൊരു നിർദേശം. യുക്തിചിന്തയിലേക്കും മതനിരാസത്തിലേക്കും ഭാവിതലമുറയെ ഈ നിർദേശം എത്തിക്കുമെന്ന ആശങ്ക പൊതു ചർച്ചയിൽ ഉയർന്നുവന്നു. ആഗോള ഭാഷയായ ഇംഗ്ലീഷിന് പ്രാധാന്യം കുറച്ച് മാതൃഭാഷക്ക് മാത്രം പ്രാധാന്യം നൽകണം. ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നും പ്രീ പ്രൈമറി ക്ലാസുകൾ ഒഴിവാക്കണം എന്നുമുള്ള നിർദേശങ്ങൾ സമൂഹം തള്ളിക്കളഞ്ഞതാണ്.


പാരമ്പര്യ തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നത് കുലത്തൊഴിലിലേക്കുള്ള മടങ്ങിപ്പോക്കാവും എന്ന് മുഴുവൻ ചർച്ചാവേദികളും വിലയിരുത്തിയ കാര്യമാണ്. ഇത്തരം എതിർശബ്ദങ്ങൾ ഉയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട നിലപാടുകൾ വ്യക്തമാക്കാതെ പാഠപുസ്തക പരിഷ്കരണത്തിലേക്ക് നീങ്ങുന്നത് പൊതുസമൂഹത്തിന് ആശങ്ക വർധിപ്പിക്കുന്നു എന്ന് വ്യക്തമാണ്. 2007ലെ പാഠപുസ്തക പരിഷ്കരണത്തിൽ ഇത്തരം സമീപനം സ്വീകരിച്ചതിന്റെ പേരിൽ സമൂഹം തെരുവിലിറങ്ങി. ഒടുവിൽ മതമില്ലാത്ത ജീവൻ എന്ന തലവാചകത്തിൽ വന്ന ഏഴാംതരം സാമൂഹിക പാഠപുസ്തകം വരെ പിൻവലിക്കേണ്ട സാഹചര്യം അന്നുണ്ടായി. പാഠപുസ്തകങ്ങളുടെ കാര്യത്തിൽ നിലവിൽ വിദ്യാഭ്യാസ മേഖല നിശബ്ദമാണ്.

കഴിഞ്ഞ 10 വർഷമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ പേരിൽ എതിർപ്പുകളോ വിമർശനങ്ങളോ ഒന്നും നാളിതുവരെ ഉണ്ടായിട്ടില്ല എന്നത് പുതിയ പാഠപുസ്തക രചനാ സമയത്ത് ഓർമ്മിക്കുന്നത് അഭികാമ്യമാണ്.
2013ൽ ഐക്യജനാധിപത്യമുന്നണി ഗവൺമെന്റിൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബാണ് അവസാനമായി പാഠപുസ്തക പരിഷ്കരണത്തിന് നേതൃത്വം നൽകിയത്. അന്നത്തെ പാഠപുസ്തക പരിഷ്കരണത്തിന് സമൂഹ ചർച്ചകളോ മറ്റു പ്രഹസനങ്ങളോ ഒന്നുമുണ്ടായിട്ടില്ല. എന്നിട്ടും നീണ്ട പത്ത് വർഷക്കാലം ആ പാഠപുസ്തകം തന്നെ പരാതികളില്ലാതെ പഠിപ്പിക്കാൻ കഴിഞ്ഞത് പുസ്തകത്തിന്റെ മേന്മ ബോധിപ്പിക്കുന്നു. നിലവിലെ പുസ്തകങ്ങളിലെ നന്മകൾ പുതിയ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കണം.


മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങൾ മുഴുവനും പരിഷ്കരിച്ചതും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ പാഠപുസ്തകങ്ങൾ മുപ്പത് വർഷങ്ങൾക്കുശേഷം പരിഷ്കരിച്ചു എന്നതും 2013 ലെ പരിഷ്കരണത്തിന്റെ പ്രത്യേകതയാണ്. 2007 ലെ പരിഷ്കരണത്തിൽ നഷ്ടപ്പെട്ട വിഷയങ്ങൾ പാഠപുസ്തകത്തിലേക്ക് തിരികെകൊണ്ടുവന്നതും രണ്ടായി ചുരുക്കിയ പരീക്ഷകളെ മൂന്ന് ടേമിലേക്കുതന്നെ മാറ്റിയതും പൊതുവിദ്യാലയത്തിൽ നിന്ന് മാറിപ്പോയ കുട്ടികൾ തിരികെവരാൻ കാരണമായിട്ടുണ്ട്.


പൊതുവിദ്യാലയത്തിന്റെ തിരിച്ചുവരവിൽ നിലവിലെ പാഠപുസ്തകങ്ങളുടെ സ്വാധീനം മറച്ചുവെക്കാനാവില്ല. കാലാനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്കരിക്കൽ അനിവാര്യമാണ്. അന്തർദേശീയ തലങ്ങളിലെ അവസരങ്ങളെ എത്തിപ്പിടിക്കാനുള്ള തരത്തിൽ കുട്ടികളെ യോഗ്യരാക്കുന്ന പാഠ്യവിഷയങ്ങളാണ് വേണ്ടത്. അന്താരാഷ്ട്ര നിലവാരം കെട്ടിടങ്ങളിൽ മാത്രമല്ല കാണേണ്ടത്. അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉയർത്തി കൃത്യമായ നയനിലപാടുകൾ ഇല്ലാത്ത പാഠപുസ്തകങ്ങൾ ഭാവിതലമുറയെ നശിപ്പിക്കും.

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ വിദ്യാഭ്യാസമേഖലയിൽ കടന്നുവരാൻ പാടില്ല. ജനാധിപത്യ ബോധത്തെ മുറുകെപ്പിടിച്ച് മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ആശയങ്ങളാണ് കുട്ടികൾക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത്. പാശ്ചാത്യ നാടുകൾ തന്നെ തള്ളിക്കളഞ്ഞുകൊണ്ടിരിക്കുന്ന ലിംഗസമത്വവും ജെൻഡർ ന്യൂട്രാലിറ്റിയും പാഠപുസ്തകത്തിലേക്ക് കൊണ്ടുവന്നാൽ സമൂഹ ചർച്ചയ്ക്കുശേഷം സർക്കാർ നയത്തിനും നിലപാടുകൾക്കും കാത്തിരിക്കുന്ന സമൂഹം തെരുവിലിറങ്ങുമെന്ന കാര്യം തീർച്ച.

Content Highlights:Today’s Article About Education aug 07


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.