2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പാഠ്യപദ്ധതി ചട്ടക്കൂട്: കുടുംബശ്രീയുടെ കൈപുസ്തകത്തിലെ വിവാദ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

  • വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം അടിച്ചേല്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി
  • വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ ആശങ്കയറിയിച്ചു
  • സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ടു
  • മലപ്പുറത്ത് ഉപരിപഠനത്തിന് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു
  • മദ്‌റസകള്‍ക്ക് പ്രയാസമാകുന്ന തരത്തില്‍ സമയമാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരള പാഠ്യ പദ്ധതി ചട്ടകൂട് 2022 ലെയും കുടുംബശ്രീ 2021 ലെ കൈപുസ്തകത്തിലെയും വിവാദ നിര്‍ദേശങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കൈപുസ്തകം തള്ളിയ മുഖ്യമന്ത്രി പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്ന് പറഞ്ഞു. ആരോഗ്യകരമായ ബന്ധങ്ങള്‍ എന്ന പഠനസഹായി, മാതൃകാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പുറത്തിറക്കിയ കൈപുസ്തകങ്ങളിലെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചാല്‍ സമൂഹത്തില്‍ മൂല്യത്തകര്‍ച്ചയുണ്ടാകുമെന്നും എല്ലാ മതവിഭാഗങ്ങളേയും പൊതുസമൂഹത്തേയും ബാധിക്കുമെന്നും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുെട പ്രഖ്യാപനം ശ്ലഘനീയമാണെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം അടിച്ചേല്‍പ്പിക്കില്ലെന്നും പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ ജെന്‍ഡര്‍ ഇക്വാലിറ്റി, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്‌കൂള്‍ സമയമാറ്റം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ ആശങ്ക പങ്കുവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. മദ്‌റസകള്‍ക്ക് പ്രയാസമാകുന്ന തരത്തില്‍ സമയമാറ്റം നടപ്പാക്കരുതെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൊതു സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും സമസ്തയുടെ ആശങ്ക ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം പിന്‍വലിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കോരള വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകളിലും നേതാക്കള്‍ ആശങ്കയറിയിച്ചു. വഖഫ് ബോര്‍ഡില്‍ നിലവില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മഹല്ലുകളില്‍ ഭരണഘടനാവിരുദ്ധമായി സ്ഥാപനങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന് കൈയടക്കുന്നതിന് വേണ്ടി സൗകര്യം ചെയ്ത് കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.എസ്.സിക്ക് നിയമനം വിടുമെന്ന കാര്യം സര്‍ക്കാര്‍ മാറ്റിയെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ മതസംഘനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യണമെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമസ്തയ്ക്ക് അര്‍ഹമായ പ്രാതിനിത്യം നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡിലെ നിലവിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൈനോറിറ്റി കമ്മീഷന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും മുസ്‌ലിം പിന്നോക്കാവസ്ഥ നികത്താന്‍ വേണ്ടി ഉപയോഗിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി വീതിച്ചു നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം സമുദായത്തിന് വേണ്ട രീതിയില്‍ ആനുകൂല്യം ലഭിക്കാതെ വരുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എതിരല്ലെന്നും എന്നാല്‍ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട കാര്യങ്ങള്‍ വീതിച്ചു നല്‍കുന്നത് വലിയ നഷ്ടമുണ്ടാക്കുന്നതായും നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കരുതെന്നും വിദ്യാര്‍ഥികള്‍ക്കടക്കം ആശങ്കയുണ്ടാക്കുന്നതാണ് ഇക്കാര്യമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമ്മര്‍ ഫൈസി മുക്കം, എം.പി മുസ്തഫല്‍ ൈഫസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍, സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അംഗം വിഴിഞ്ഞം സെയ്ദ് മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News