2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.യു.ഇ.ടി-പിജി പരീക്ഷ മാര്‍ച്ചില്‍ തുടങ്ങും; എങ്ങനെ അപേക്ഷിക്കണമെന്നറിയാമോ? അറിയേണ്ടതെല്ലാം

സി.യു.ഇ.ടി-പിജി പരീക്ഷ മാര്‍ച്ചില്‍ തുടങ്ങും; എങ്ങനെ അപേക്ഷിക്കണമെന്നറിയാമോ? അറിയേണ്ടതെല്ലാം

ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കല്‍പിത/ സ്വകാര്യ സര്‍വകലാശാലകളിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2024–25 ലെ പി.ജി പ്രവേശനത്തിനുള്ള ദേശീയ എന്‍ട്രന്‍സ് സിയുഇടി–പിജി (CUET PG2024: Common Universtiy Etnrance Test) മാര്‍ച്ച് 11 മുതല്‍ 28 വരെ നടക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (www.nta.ac.in) പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പൊതുപരീക്ഷയാണ് ഉണ്ടാവുക.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റ പരീക്ഷയെഴുതി പല സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുമായി സംശയങ്ങള്‍ക്ക് ഹെല്‍പ്‌ലൈന്‍: 011 40759000 ബന്ധപ്പെടാവുന്നതാണ്.

   

യൂണിവേഴ്‌സിറ്റികള്‍

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാട്, ദി ഇംഗ്ലിഷ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു), പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്), ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട്. രജിസ്‌ട്രേഷന്‍ തുടരുംവരെ യൂണിവേഴ്‌സിറ്റികള്‍ കൂടുതലായി വരുമെന്ന് അറിയിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റിയും, കോഴ്‌സുകളും തീരുമാനിച്ചിട്ട് അതത് സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നോക്കി പ്രവേശന മാനദണ്ഡങ്ങള്‍ മനസിലാക്കണം. ഒരേ കോഴ്‌സിന് വ്യത്യസ്ത സര്‍വ്വകലാശാലകളില്‍ വ്യത്യസ്ത പ്രവേശന യോഗ്യതയുണ്ടാവാനുള്ള സാധ്യതയുണ്ട്.

പരീക്ഷാ കേന്ദ്രം

കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയില്‍ മുന്നൂറോളം എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്‌റൈന്‍, മസ്‌കത്ത്, ദോഹ, ഷാര്‍ജ, റിയാദ്, സിംഗപ്പൂര്‍, കാന്‍ബറ ഉള്‍പ്പെടെ 24 വിദേശകേന്ദ്രങ്ങളും. താല്‍പര്യമുള്ള 2 പരീക്ഷാകേന്ദ്രങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. സ്ഥിരം മേല്‍വിലാസമോ, ഇപ്പോള്‍ താമസിക്കുന്നയിടത്തെ മേല്‍വിലാസമോ ഉള്‍പ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ.

പരീക്ഷാ തീയതി
മാര്‍ച്ച് 11 മുതല്‍ 28 വരെയായി 105 മിനിറ്റ് വീതമുള്ള 3 ഷിഫ്റ്റുകളില്‍ (09.00– 10.45 / 12.45– 14.30 / 16.30–18.15) പരീക്ഷ നടത്തും. ഓരോ വിദ്യാര്‍ഥിയും ഹാജരാകേണ്ട ഷിഫ്റ്റ്, അഡ്മിറ്റ് കാര്‍ഡില്‍നിന്ന് അറിയാം. കാര്‍ഡ് മാര്‍ച്ച് 7 മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആ ഷിഫ്റ്റിലെത്താത്തവര്‍ക്ക് പിന്നീട് വേറെ അവസരം നല്‍കില്ല. പരീക്ഷയെഴുതുമ്പോള്‍ മിച്ചമുള്ള സമയം അപ്പപ്പോള്‍ അറിയാന്‍ കംപ്യൂട്ടറില്‍ ഓണ്‍–സ്‌ക്രീന്‍ ടൈമറുണ്ടായിരിക്കും.

പ്രായപരിധി
പരീക്ഷയെഴുതാന്‍ പ്രായപരിധിയില്ല. പക്ഷേ ചേരാനുദ്ദേശിക്കുന്ന സര്‍വ്വകലാശാലയിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരും. സാമ്പത്തിക പിന്നോക്കം 10%, പിന്നോക്ക വിഭാഗം 27%, പട്ടിക ജാതി 15% , പട്ടിക വര്‍ഗ്ഗം 7.5%, ഓരോ വിഭാഗത്തിലും ഭിന്നശേഷി 5 % എന്നിങ്ങനെയാണ് സാധാരണയുള്ള സംവരണ മാനദണ്ഡങ്ങള്‍.

അപേക്ഷ ഫീസ്

പണമടച്ച് ഓണ്‍ലൈന്‍ അപേക്ഷ കണ്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. ഒരു രേഖയും അയച്ച് കൊടുക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ക്ക് 4 ടെസ്റ്റ് പേപ്പറുകള്‍ വരെയെഴുതാം. അപേക്ഷാസമര്‍പ്പണത്തിന്റെ നടപടിക്രമങ്ങള്‍ പടിപടിയായി സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ 6–9 പുറങ്ങളിലുണ്ട്. ഒരാള്‍ ഒരപേക്ഷയെ അയയ്ക്കാവൂ.

ജനറല്‍ വിഭാഗത്തിന് ഇന്ത്യയില്‍ നിന്നാണ് അപേക്ഷയെങ്കില്‍ 2 പേപ്പര്‍ വരെ 1200 രൂപ, പിന്നീടുള്ള ഓരോ പേപ്പറിനും 600 രൂപ വീതവും.
പിന്നാക്കം, സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന്- 2 പേപ്പര്‍ വരെ 1000 രൂപ, പിന്നീടുള്ള ഒരോ പേപ്പറിനും 500.
പട്ടിക വിഭാഗം/ ട്രാന്‍സ് ജെന്‍ഡര്‍: ഇന്ത്യയില്‍ നിന്ന്- 2 പേപ്പര്‍ വരെ 900 രൂപ. പിന്നീടുള്ള ഓരോ പേപ്പറിനും 500.
ഭിന്നശേഷി: ഇന്ത്യയില്‍ നിന്ന്- 2 പേപ്പര്‍ വരെ 800 രൂപ. പിന്നീടുള്ള ഓരോ പേപ്പറിനും 500.

വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 2 പേപ്പര്‍ വരെ 6000 രൂപയാണ് അപേക്ഷ ഫീസ്. പിന്നീടുള്ള ഓരോ പേപ്പറിനും 2000 രൂപ അധികമായും വേണ്ടി വരും.

ചോദ്യപേപ്പര്‍

കോഴ്‌സുകളും അവയില്‍ പ്രവേശനം ലഭിക്കാന്‍ തിരഞ്ഞെടുക്കേണ്ട ചോദ്യക്കടലാസുകളുടെ കോഡുകളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ 11–16 പേജുകളിലുണ്ട്. സമാനവിഷയങ്ങളിലെ പിജി പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കാന്‍ ‘ഒരു പേപ്പര്‍’ എന്ന രീതിയാണുള്ളത്. ഉദാഹരണത്തിന് മെക്കാനിക്കല്‍ എന്‍ജി., മാനുഫാക്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍, ടൂള്‍ എന്‍ജി. തുടങ്ങിയ പല എംടെക് പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് പൊതുവായ MTQP07 എന്ന കോഡിലെ ടെസ്റ്റ് പേപ്പറാണ് എഴുതേണ്ടത്. 4 ക്വസ്റ്റ്യന്‍ പേപ്പര്‍ കോഡുകള്‍ വരെ അപേക്ഷയില്‍ കാണിക്കാം.

ഓരോ പേപ്പറിലും ജനറല്‍ ടെസ്റ്റ് എന്ന രീതിയില്ല. ഏതു പേപ്പറായാലും 75 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ശരിയുത്തരത്തിനു 4 മാര്‍ക്കു കിട്ടും; തെറ്റിന് ഒരു മാര്‍ക്കു കുറയും. ഓരോ പേപ്പറിന്റെയും സിലബസ് സൈറ്റില്‍ വരും.
വിവിധ ഷിഫ്റ്റുകളില്‍ ഒരേ പേപ്പര്‍ നടത്തുന്നതിനാല്‍, അവയിലെ സ്‌കോറുകള്‍ പരിവര്‍ത്തനം ചെയ്ത് എന്‍ടിഎ സ്‌കോറുകളായി ഏകീകരിക്കും. ഉത്തരങ്ങളോ പരീക്ഷാഫലമോ പുനഃപരിശോധിക്കില്ല.

ഗ്രാമീണവിദ്യാര്‍ഥികള്‍ക്കു പരീക്ഷാപരിശീലനം നല്‍കുന്ന ടെസ്റ്റ് പ്രാക്ടിസ് സെന്ററുകള്‍ എന്‍ടിഎ ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://nta.ac.in/PC എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് ഈ സേവനം ലഭ്യമാക്കാം. അപേക്ഷ പൂരിപ്പിക്കാന്‍ സഹായം വേണ്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.csc.gov.in & https://findmycsc.nic.in/csc സന്ദര്‍ശിക്കുക.

ഈ പരീക്ഷയില്‍ സ്‌കോര്‍ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. താല്‍പര്യമുള്ള സര്‍വകലാശാലയില്‍ അപേക്ഷിക്കണം. പ്രവേശനം നടത്തുന്നത് അതതു സ്ഥാപനങ്ങളാണ്. പങ്കെടുക്കുന്ന ഏതു സ്ഥാപനത്തിനും ഈ സ്‌കോര്‍ അതിന്റെ വ്യവസ്ഥകള്‍പ്രകാരം പ്രവേശനത്തിന് ഉപയോഗിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.