2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊടും ക്രൂരത: കൊവിഡ് രോഗിയായ വയോധികയെ കട്ടിലില്‍ കെട്ടിയിട്ടു; താഴെ വീണ് തലക്ക് പരുക്കേറ്റിട്ടും തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല

 
 
തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതകള്‍ അവസാനിക്കുന്നില്ല. രോഗിയായ വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ വലിയ ക്രൂരത നേരിട്ടത്. രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് തലയ്ക്ക് പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ പറയുന്നു. 
 
ഇതേ വാര്‍ഡില്‍  ചികിത്സയിലുള്ള മറ്റു രോഗികള്‍  കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്. കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്.  കുഞ്ഞു ബീവിയുടെ  വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച്  വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
 
 
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും തൃശൂര്‍ ഡി.എം.ഒക്കും  ബന്ധുക്കള്‍ പരാതി നല്‍കി. കൊവിഡ് രോഗിയായ കുഞ്ഞുബീവിയെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാനായി കൂടെ നില്‍ക്കാന്‍ അനുവാദം ചോദിച്ചെങ്കിലും  അധികൃതര്‍ അനുവദിച്ചിരുന്നില്ല.
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.