2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിന് വിസ്‌മയമൊരുക്കി സഊദി സ്വപ്‌ന പദ്ധതിയായ നിയോമിൽ സീറോ കാർബൺ നഗരം പ്രഖ്യാപിച്ചു 

കാറുകളോ റോഡുകളോ ഇല്ലാതെ പ്രകൃതിക്ക് അനുസൃതമായി രൂപകൽപ്പന ചെയ്‌ത 170 കിലോമീറ്റർ നീളമുള്ള യാത്രാ സംവിധാനമാണ് "ദി ലൈൻ"

അബ്‌ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിയിൽ ലോകത്തിന് വിസ്‌മയമാകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് സഊദി അറേബ്യ. പൂർണ്ണ കാർബൺ മുക്ത നഗരം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് സഊദി കിരീടാവകാശിയും “നിയോം” ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഞായറാഴ്ച്ച പ്രഖ്യാപിച്ചത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നഗര സമൂഹങ്ങളുടെ ഭാവിക്ക് ഒരു പുതിയ മാതൃകയായാണ് “ദി ലൈൻ” പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. 

     കാറുകളോ റോഡുകളോ ഇല്ലാതെ പ്രകൃതിക്ക് അനുസൃതമായി രൂപകൽപ്പന ചെയ്‌ത 170 കിലോമീറ്റർ നീളമുള്ള പുതിയ പദ്ധതി ലോകത്തിനു തന്നെ വിസ്‌മയമാകുമെന്നാണ് കരുതുന്നത്. താമസക്കാരുടെയും ബിസിനസുകളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത കൃത്രിമ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് “ദി ലൈൻ” നിർമ്മിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനായി പ്രഖ്യാപിച്ച നിയോമിന്റെയും സഊദി വിഷൻ 2030 പദ്ധതിയുടെയും ഭാഗമാണ് പുതിയ പദ്ധതി. 

   

     “ചരിത്രത്തിലുടനീളം നഗരങ്ങൾ നിർമ്മിച്ചത് അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനാണ്. വ്യാവസായിക വിപ്ലവത്തിനുശേഷം ജനങ്ങളെക്കാൾ യന്ത്രങ്ങൾ, കാറുകൾ, ഫാക്ടറികൾ എന്നിവയ്ക്ക് മുൻഗണന നൽകി. ലോകത്തെ ഏറ്റവും പുരോഗമിച്ചതായി കാണപ്പെടുന്ന നഗരങ്ങളിൽ ആളുകൾ അവരുടെ ജീവിതം പരിവർത്തിച്ചെടുത്തു. 2050 ആകുമ്പോഴേക്കും യാത്രാ ദൈർഘ്യം ഇരട്ടിയാകും. ഇതോടെ വർദ്ധിച്ചുവരുന്ന കാർബൺ ഉദ്‌വമനം, സമുദ്രനിരപ്പ് എന്നിവ കാരണം ഒരു ബില്യൺ ആളുകൾക്ക് സ്ഥലം മാറ്റേണ്ടിവരും. 90 ശതമാനം ആളുകളും മലിനമായ വായുവാണ് ശ്വസിക്കുന്നത്” കിരീടാവകാശി പദ്ധതി പ്രഖ്യാപനത്തിൽ പറഞ്ഞു. 

    വികസനത്തിനായി നാം എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്?. മലിനീകരണം കാരണം പ്രതിവർഷം ഏഴ് ദശലക്ഷം ആളുകൾ മരിക്കുന്നത് എന്തുകൊണ്ട്?. ട്രാഫിക് അപകടങ്ങൾ കാരണം പ്രതിവർഷം ഒരു ദശലക്ഷം ആളുകളെ നമുക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ട്? എന്ന് ചോദിച്ച കിരീടാവകാശി, ഇതിനെല്ലാമുള്ള ഉത്തരമാണ് “ദി ലൈൻ” പദ്ധതിയെന്ന്‌ വിശദീകരിച്ചു. അതിനാൽ, ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിൽ ഒന്നായി പരിവർത്തനം ചെയ്യേണ്ടതുണ്ട്. ഇന്ന് നിയോമിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എന്ന നിലയിൽ ഞാൻ “ദി ലൈൻ” അവതരിപ്പിക്കുന്നു. 170 കിലോമീറ്റർ നീളമുള്ള ഒരു ദശലക്ഷം നിവാസികളുടെ നഗരമായ ഇവിടെ 95 ശതമാനം പ്രകൃതിയെ സംരക്ഷിക്കുന്നുവെന്നും  സീറോ കാറുകൾ, സീറോ തെരുവുകൾ, സീറോ കാർബൺ ബഹിർഗമനം എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു. 

      മലിനീകരണ രഹിതവും വൃത്തിയുള്ളതും കൂടുതൽ സുസ്ഥിരവുമായ അന്തരീക്ഷം ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ 100 ശതമാനം ശുദ്ധമായ പ്രകൃതി ഊർജ്ജമായിരിക്കും ഉപയോഗിക്കപ്പെടുക. സഊദി വിഷൻ 2030 യുടെയും നിയോം സ്വപ്‌ന പദ്ധതിയുടെയും ഭാഗമായ പുതിയ പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു പദ്ധതിയാണിത്. “ദി ലൈൻ” പദ്ധതി 380,000 തൊഴിൽ സാധ്യതകളും 2030 ഓടെ രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 180 ബില്യൺ റിയാൽ സംഭാവന ചെയ്യുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. 

     2017 ലാണ് കിരീടാവകാശി നിയോം പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത തലമുറക്കുള്ള ഹൈടെക്ക് നഗരിയെന്നാണ് ഇത് അറിയപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ തബൂക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നഗരിയുടെ ആകെ വിസ്‌തൃതി 26,500 ചതുരശ്ര കിലോമീറ്റർ (10,230 ചതുരശ്ര മൈൽ) ആണ്. സഊദിയുടെ ഈജിപ്‌ത്‌, ജോർദാൻ അതിർത്തികളിൽ വ്യാപിക്കുന്ന ഈ പദ്ധതി മൂന്ന് രാജ്യങ്ങളിലായി വ്യാപിക്കുന്ന ആദ്യത്തെ സ്വകാര്യ മേഖല പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. . ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സ്വത്ത് ഫണ്ടുകളിൽ സഊദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പദ്ധതിക്കായി 500 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News