2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇനി കളിമാറും; ക്രിസ്റ്റ്യാനോ സഊദിയുടെ അല്‍ നസറില്‍ ചേര്‍ന്നു; കരാര്‍ ഒപ്പുവെച്ചത് റെക്കോഡ് തുകയ്ക്ക്

 

റിയാദ്: പറങ്കിപ്പടയുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി അറേബ്യൻ മുൻനിര ക്ലബായ അൽ നസറുമായി കരാർ ഒപ്പുവച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേയ്ക്കാണ് കരാർ. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ക്ലബ്ബ് അവകാശപ്പെട്ടു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാൾഡോയുടെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് കരാർ പ്രാബല്യത്തിൽ വരുന്നത്. ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്. അതിന് മുമ്പ് താരവുമായി ക്ലബ്ബ് അത്ര നല്ല നിലയിലായിരുന്നില്ല.

സൗദി ക്ലബിൽ ചേർന്നതോടെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളും അവസാനിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബിൽ ചേരുമെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റെക്കോഡ് ഓഫർ നൽകി സൗദി ക്ലബ് 37 കാരനായ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു. റിയാദ് ആസ്ഥാനമായ ക്ലബിലേക്കുള്ള റൊണാൾഡോയുടെ വരവ് സഊദി ഫുഡ്‌ബോൾ ലീഗിലും രാജ്യത്താകെയും സ്വാധീനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിനുള്ള വേദിക്കായി സഊദി അറേബ്യ ശ്രമം തുടങ്ങിയതായുള്ള വാർത്തകൾക്കിടെയാണ് ഈ തലമുറയിലെ സൂപ്പർ താരം രാജ്യത്തെ ക്ലബ്ബിലെത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.