പി.എ.എം ഹനീഫ്
1970കളുടെ അവസാനം കാസര്‍ക്കോട്ടുനിന്ന് ‘മോബ്’ എന്ന പേരില്‍ സാഹിത്യമാസിക പ്രഭാകരന്‍ കടാങ്കോട്, കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രകാശിപ്പിക്കുകയുണ്ടായി. പ്രൂഫ് വായനയും മറ്റും എന്റെ ചുമതലയിലായിരുന്നു. അതിലൊരു കവിത; ആശയം ഏതാണ്ട് ഇങ്ങനെ: ‘ഉപ്പ….അടുത്ത പാസഞ്ചര്‍ തീവണ്ടിയില്‍ ആശുപത്രിവാസം കഴിഞ്ഞ് വരുന്നു. അര്‍ബുദമായിരുന്നു.
തീവണ്ടി ഞാന്‍ കാത്തുനിന്ന സ്റ്റേഷനില്‍ നിര്‍ത്തിയില്ല. ഓരോ കംപാര്‍ട്ട്‌മെന്റും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. എല്ലാ ബോഗികളും ശൂന്യമായിരുന്നു’.
എടുത്തെഴുതുമ്പോള്‍ നഷ്ടപ്പെടുന്ന ‘കവിത’ ഈ ഓര്‍മ എഴുത്തില്‍ ചോര്‍ന്നു എന്നറിയാം. ജനപ്രീതി ഏറെ നേടിയ കാസര്‍കോടു താലൂക്കിലെ ഉത്തമനായ ഒരു മുസ്‌ലിയാരുടെ മകന്‍ ഇബ്രാഹിം ബേവിഞ്ച സ്വന്തം പിതാവിന്റെ വേര്‍പാടിനെ തുടര്‍ന്നെഴുതിയ കവിതയായിരുന്നു അത്.
മികച്ച മലയാളം അധ്യാപകരില്‍ ഒരാളായ പയ്യന്നൂരിലെ പി. അപ്പുക്കുട്ടന്‍ (സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്നു) ലേഖകനെ ഇബ്രാഹിം ബേവിഞ്ചയെ പരിചയപ്പെടുത്തി, 1971ല്‍. അന്നു മുതല്‍ ഈ ലേഖകന്‍ 1983ല്‍ കാസര്‍കോട് വിടുംവരെയും പിന്നീട് കൊല്ലം, പെരുമ്പാവൂര്‍, എറണാകുളം, കോഴിക്കോട് എന്റെ തൊഴില്‍വാസ ഇടങ്ങളിലും ഇബ്രാഹിം തേടിവന്നു. പുസ്തകപ്പൊതികള്‍, ഭക്ഷണപ്പൊതികള്‍, കറന്‍സി നിക്ഷേപിച്ച കൊച്ചു കവറുകള്‍ ഒക്കെ എന്നും ഉണ്ടാവും.
പ്രൊഫ. കെ.എ സിദ്ധീഖ് ഹസനെക്കുറിച്ച് ടി.പി ചെറൂപ്പ എഡിറ്റു ചെയ്ത സ്മരണികയില്‍ ഓര്‍മക്കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടാണ് ഞങ്ങളുടെ ഒടുവിലെ സംസാരം. അവശനായിരുന്നു അന്ന്. രോഗബാധ ആരംഭിച്ച നാള്‍ തൊട്ട് സൂചിപ്പിച്ച വൈദ്യവിശാരദനെ ഇബ്രാഹിം സന്ദര്‍ശിച്ചു. മംഗളൂരുവിലെ അലോപ്പതി ചികിത്സക്കൊപ്പം മേഴത്തൂര്‍ വൈദ്യമഠം അടക്കം വിവിധ ചികിത്സകള്‍, നാനാതരം ചികിത്സാ സമ്പ്രദായങ്ങള്‍. എല്ലാം ചിട്ടയോടെ അനുസരിച്ചു. വിധി, മറിച്ചായിരുന്നു. ആ വിരലുകള്‍ കുഴഞ്ഞു. നാവ് തളര്‍ന്നു, നാഡികള്‍ മരവിച്ചു.
ഒടുവില്‍… ബേവിഞ്ച ഖബര്‍സ്ഥാനില്‍ വിലയം പ്രാപിച്ചു.
മലയാള എഴുത്തില്‍ ഇബ്രാഹിം ബേവിഞ്ചയുടെ സ്ഥാനം എവിടെയാണ്?
‘പ്രമുഖ എഴുത്തുകാരുടെ മുന്‍ ലേഖനവും പിന്‍ലേഖനവും ചേര്‍ത്ത് പുസ്തകങ്ങള്‍ക്ക് കനം കൂട്ടുന്ന നമ്മുടെ സാഹിത്യ പരിസരത്തില്‍നിന്ന് പിന്തിരിഞ്ഞു നടക്കാനാണ് എനിക്ക് ഇഷ്ടം. അതിനാല്‍ എന്റെ ഒരു പുസ്തകത്തിനും അവതാരികയോ പഠനമോ ചേര്‍ത്തിട്ടില്ല. മനസു കാണിച്ചുതന്ന ഒറ്റപ്പെട്ട വഴിയിലൂടെയാണ് ഞാന്‍ എന്നും സഞ്ചരിച്ചത്. നിനക്ക് ഈ വഴി മതി എന്നാണ് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ ഒറ്റത്താരക എന്നോട് പറയുന്നത്(മുഖവിചാരം: 391997).
ഭാഷാപഠനം, അത് പകര്‍ന്നുനല്‍കല്‍, വിമര്‍ശനം, നിരൂപണം, പ്രഭാഷണം, അധ്യാപനം തുടങ്ങി താന്‍ കൈവച്ച ഏതേതു സര്‍ഗ വ്യാപാരങ്ങളിലും ഇതുതന്നെയായിരുന്നു ഇബ്രാഹിം ബേവിഞ്ചയുടെ മാഗ്‌നാകാര്‍ട്ട.
മുസ്‌ലിം പണ്ഡിതരില്‍ ഒരാളായിരുന്നു ഇബ്രാഹിമിന്റെ പിതാവ് കൊവ്വല്‍ വീട്ടില്‍ അബ്ദുല്ലക്കുഞ്ഞി മുസ്‌ലിയാര്‍. മതപഠനത്തിനൊപ്പം പുത്രന്‍ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടണമെന്ന് പിതാവ് ശഠിച്ചു. ചെമ്പരിക്കയിലെ ഉമ്മാലിയുമ്മ എന്ന മാതാവും മകന്റെ പഠനത്തില്‍ സവിശേഷ താല്‍പര്യം പുലര്‍ത്തി.
‘ഉമ്മയും ഉപ്പയുമാണ് എന്നെ അക്ഷരലോകത്തേക്ക് വഴിനടത്തിയത്’ ഇബ്രാഹിം രേഖപ്പെടുത്തിയിട്ടുണ്ട്. അദമ്യമായ ജിജ്ഞാസ; അതായിരുന്നു ഇബ്രാഹിം ബേവിഞ്ചയുടെ ജീവിതസാഹിത്യ സൗകര്യങ്ങളുടെ ആധാരശില.
‘ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍’, ‘മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍’ എന്നീ രണ്ടു കൃതികളിലൂടെ ഇബ്രാഹിം അനുഷ്ഠിച്ച ആഴമേറിയ പഠനത്തിന് ഒപ്പംവയ്ക്കാന്‍ ഇസ്‌ലാംമുസ്‌ലിം സര്‍ഗജീവിതം ചികയുന്നവര്‍ക്ക് മറ്റൊരു ആധികാരിക ഇടമില്ല. അവയുടെ ആവര്‍ത്തിച്ച പഠനമനനങ്ങള്‍ എന്റെ ഉയിരിനെ ആകെ ഇനിയുള്ള കാലവും സുഗന്ധിയാക്കും.
കവി ഉബൈദിന് മരണശേഷം ധാരാളം വിലയിരുത്തലുകളുണ്ടായി. ഇബ്രാഹിം എഴുതിയ ചില വരികളാണ് ശ്രദ്ധേയമായത്.
‘പി. കുഞ്ഞിരാമന്‍ നായരെയും(നരബലി) സുഗതകുമാരി(കാളിയാ മര്‍ദ്ദനം)യേയും താരതമ്യം ചെയ്ത് പറഞ്ഞു: ‘വേദനയില്‍ സ്വര്‍ഗവും മുക്തിയും കണ്ടെത്തി പീഡാനുഭവ വിഷത്തെ സാമൂഹിക ജീവിതത്തിന്റെ ശുദ്ധീകരണത്തിനായി സ്വീകരിച്ചു ഉബൈദിലെ കവി. ഉഗ്രസ്വരത്തലും രൗദ്രഭംഗിയിലും രചിച്ച ഈ വനം പൂവനമാവുകില്‍ജീവനം മാമകം ധന്യമായി… എന്നു പാടി പി.ടി ഉബൈദിലെ കവിയുടെ കവിതാലക്ഷ്യം വിളങ്ങിത്തെളിയുന്നതായി’ ഇബ്രാഹിം ബേവിഞ്ചയിലെ നിരൂപകന്‍ വിലയിരുത്തി.
ബേവിഞ്ചയുടെ ‘നിള തന്നെ നാട്ടെഴുത്തുകള്‍'(എംഫില്‍ വിഷയം എം.ടി കഥകളായിരുന്നു) സസൂക്ഷ്മം വായിച്ച ഡോ. ടി.പി. സുകുമാരന്‍ ഒരു പ്രസ്താവന ഇറക്കി. അതിങ്ങനെ: ‘വാസുദേവന്‍ നായര്‍ സൃഷ്ടികള്‍ക്ക് ലോകാന്ത്യം വരെ ശിരസ്സുയര്‍ത്താന്‍ ഈ ഒറ്റ പഠനം മതി…’
എം.ടി.യുടെ നവതി ആഘോഷിച്ച് ധാരാളം പഠനങ്ങളും യോഗങ്ങളും നടന്നുവരുന്നു. ആരും ഇബ്രാഹിം ബേവിഞ്ചയെ ഒരിടത്തും ഉദ്ധരിച്ചു കണ്ടില്ല. ‘ബഷീര്‍, ദി മുസ്‌ലിം’ വൈക്കം മുഹമ്മദ് ബഷീറി’ലെ സൂഫിയേയും മൊത്തം ആ രചനകളിലെ ‘ജനല്‍ തുറക്കലും’ ഇബ്രാഹിം സൂക്ഷ്മമായി അപഗ്രഥിക്കുന്നു. ‘ഇരുട്ടറയില്‍ കഴിയുന്ന കുഞ്ഞുപാത്തുമ്മയുടെയും ഉമ്മബാപ്പമാരുടെയും ഹൃദയാകങ്ങളില്‍ സൂര്യവെട്ടം കയറാന്‍ പ്രൊഫ. സൈനുല്ലാബ്ദീന്‍(നിസാര്‍ അഹമ്മദിന്റെ ബാപ്പ) ജനലുകള്‍ തുറക്കുന്നിടത്താണ് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന ബഷീര്‍ കൃതിയിലെ സകല സാരവും’ എന്നത് ബേവിഞ്ചയിലെ ‘ആസ്വാദകന്‍’ കണ്ടെത്തുന്നു.
11ല്‍ പരം കൃതികളിലൂടെ സഞ്ചരിച്ച് മലയാളസാഹിത്യത്തിലെ മുസ്‌ലിം ഇടങ്ങള്‍ കാന്തശക്തിയാല്‍ പ്രദീപ്തമാക്കിയ ഗ്രന്ഥകാരന്‍ എന്ന് ഇബ്രാഹിം ബേവിഞ്ചയെ ചുരുക്കി വിവരിക്കാം.
.
Comments are closed for this post.