ആമസോണ്‍ കാടുകളില്‍ നിന്നുള്ള അതിശയക്കുഞ്ഞുങ്ങളുടെ തിരിച്ചു വരവു പോലെ മറ്റൊരത്ഭുതത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ലോകം. അഞ്ചാളുകളുമായി ആഴിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ പേടകം അഞ്ചു ജീവനുകളുമായി തീരം തൊടണേ എന്ന പ്രാര്‍ത്ഥനയില്‍. സമുദ്രത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റന്‍ സമുദ്രപേടകത്തിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
അഞ്ച് പേരുമായാണ് പേടകം സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. രണ്ടുകോടി യാത്രചെലവു വരുന്ന പേടകത്തിലെ യാത്രക്കാരും അതിസമ്പന്നരാണ്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് ജലപേടകത്തിലുള്ളത്.
കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്ന് ഇന്ത്യന്‍സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30നാണ് ‘ടൈറ്റന്‍’ സഞ്ചാരികളുമായി പുറപ്പെട്ടത്. അറ്റ്‌ലാന്റിക്കില്‍ മുങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സഹായക കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
ടൈറ്റന്‍
ലോകത്തില്‍ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റന്‍. മറൈന്‍ കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സിപിഡിഷന്‍സിന്റെ ഉടമസ്ഥതയിലാണ് ടൈറ്റന്‍ സമുദ്രപേടകം. അഞ്ചുപേര്‍ക്കിരിക്കാം. കടലില്‍ 4000 മീറ്റര്‍ ആഴംവരെ പോകും. നീളം ആറര മീറ്റര്‍. ഏകദേശം 10,432 കിലോഗ്രാം ഭാരം. അഞ്ചുപേര്‍ക്ക് 96 മണിക്കൂര്‍ കഴിയാന്‍വേണ്ട ഓക്‌സിജന്‍. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗം. കാര്‍ബണ്‍, ഫൈബര്‍, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്റെ നിര്‍മാണം. പേടകത്തിന്റെ ഇരുഭാഗത്തുമായി ടൈറ്റാനിയം കവചങ്ങളും എയറോസ്‌പേസും ഉണ്ട്. സാധാരണ മനുഷ്യന് കാണാന്‍ കഴിയാത്ത സമുദ്രാന്തര്‍ഭാഗത്തെ വിസ്മയം നിങ്ങള്‍ക്കു കാണാനുള്ള അവസരം ടൈറ്റന്‍ ഒരുക്കുമെന്നാണ് ഈ യാത്രയെ കുറിച്ച് ഓഷന്‍ഗേറ്റിന്റെ അവകാശവാദം. 2015ലാണ് ഓഷന്‍ഗേറ്റ് ആദ്യമായി ‘സൈക്ലോപ്‌സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടര്‍ന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി വിനോദ സഞ്ചാരികള്‍ക്കു അവസരം നല്‍കാന്‍ ടൈറ്റന്‍ നിര്‍മിച്ചത്.
2018ല്‍ ആയിരുന്നു ടൈറ്റന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സമുദ്രാന്തര്‍ ദൗത്യം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വര്‍ഷം 10 ഡൈവുകള്‍ ടൈറ്റന്‍ നടത്തി. ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിങ് പ്ലാറ്റ്‌ഫോമില്‍നിന്ന് വേര്‍പ്പെട്ടാല്‍ മണിക്കൂറില്‍ നാലു കിലോമീറ്റര്‍ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയില്‍ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷന്‍ഗേറ്റ് സിഇഒ സ്റ്റോക്ടണ്‍ റഷ് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു.
ടൈറ്റാനിക്
കാനഡയുടെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തിൽനിന്ന് 3800 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912ൽ ബ്രിട്ടനിലെ സതാംപ്ടണിൽനിന്ന് യു.എസിലെ ന്യൂയോർക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയിൽ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരിൽ 1500ലേറെപ്പേർ മരിച്ചു. 1985ൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതൽ ഒട്ടേറെ പര്യവേക്ഷണങ്ങൾ നടക്കുന്നുണ്ട്.
ടൈറ്റന്റെ ഉള്‍വശവും പ്രവര്‍ത്തനവും
പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് ടൈറ്റന്‍ സമുദ്രപേടകത്തില്‍ സഞ്ചരിക്കാനാകുക. പരിമിതമായ ഇടമുള്ള ഇതില് തറയില്‍ ഇരുന്നാണ് യാത്ര. പേടകത്തിനുള്ളിലെ സ്ഥിതി തത്സമയം അറിയാന്‍ റിയല്‍ ടൈം ട്രാക്കിങ് സംവിധാനം ഉണ്ട്. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകള്‍ കാണാനുള്ള ‘സോനാര്‍’ സാങ്കേതികവിദ്യയും പേടകത്തിലുണ്ട്. വിഡിയോ, ഫോട്ടോ ചിത്രീകരണത്തിനായി എച്ച്ഡി ക്യാമറകളും യന്ത്രക്കൈയുമുണ്ട്.
സമുദ്രാന്തര്‍ഭാഗത്തേക്കു പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായി ഭിത്തികള്‍ ചൂടുള്ളതാണ്. പേടകത്തിനകത്തെ ഭിത്തിയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പേടകത്തിന്റെ മുന്‍ഭാഗത്തായി ഒരു ടോയ്‌ലറ്റുണ്ട്. ഉപയോഗിക്കുമ്പോള്‍ ഒരു ചെറിയ കര്‍ട്ടന്‍ വലിച്ചുനീട്ടുകയും പൈലറ്റ് കുറച്ച് ഓണ്‍ബോര്‍ഡ് സംഗീതം നല്‍കുകയും ചെയ്യുന്നു. പരിമിതമായ സൗകര്യങ്ങള്‍ ആയതിനാല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തണമെന്ന് ആദ്യം തന്നെ ഇതിന്റെ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനാണു ടൈറ്റനിലുള്ളത്. പേടകത്തിലുള്ളവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാം.
പ്രവര്‍ത്തിക്കുന്നത് എങ്ങനെ
സമുദ്രാന്തര്‍ഭാഗത്തേക്കു പോകുമ്പോള്‍ ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കില്ല. അതുകൊണ്ടു തന്നെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് പേടകത്തിലുള്ളവരുമായി ബന്ധപ്പെടുന്നത്. സമുദ്രോപരിതലത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൈലറ്റ് പേടകത്തിലെ വിഡിയോ ഗെയിം കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കും. പൈലറ്റിന് അധികം പരിശീലനം ആവശ്യമില്ലെന്നാണ് കമ്പനി സിഇഒ തന്നെ വ്യക്തമാക്കുന്നത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശക്തമായ ബാഹ്യ ലൈറ്റുകള്‍ കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നു. പുറംഭാഗത്ത് നിരവധി 4k ക്യാമറകളും ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഒരു ബാഹ്യ ലേസര്‍ സ്‌കാനറും സോണാറും കപ്പലിന്റെ മാപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നു.
ടൈറ്റന്‍ എങ്ങനെയാണ് നിയന്ത്രിക്കപ്പെടുന്നത്?
ടൈറ്റന്‍ ചെയ്യുന്നതുപോലെ ആഴത്തില്‍ മുങ്ങുമ്പോള്‍ GPS ഒരു ഓപ്ഷനല്ല. പകരം, ഒരു പ്രത്യേക ടെക്‌സ്റ്റ് മെസേജിംഗ് സിസ്റ്റം മുകളിലെ ഉപരിതല പാത്രത്തിലെ ടീമില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ക്രൂവിനെ അനുവദിക്കുന്നു. ഓണ്‍ബോര്‍ഡില്‍, പരിഷ്‌കരിച്ച വീഡിയോ ഗെയിം കണ്‍ട്രോളര്‍ ഉപയോഗിച്ച് പൈലറ്റ് ഈ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
സുരക്ഷാ സംവിധാനം
സമുദ്രപേടകത്തെ നിരീക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളുണ്ടെന്നാണ് ഓഷന്‍ ഗേറ്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. കടലിനടിലെ മര്‍ദം മനസ്സിലാക്കുന്നതിനായി സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പര്യവേഷണത്തിനു മുന്‍പ് തന്നെ യാത്രക്കാരെ പേടകത്തിനകത്താക്കി പുറത്തുനിന്നു പൂട്ടും. 17 പൂട്ടുകള്‍ ഉപയോഗിച്ചാണ് പൂട്ടുന്നത്. ഒരുകാരണവശാലും പേടകം അകത്തുനിന്ന് തുറക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ യാത്രയില്‍ പ്രതിസന്ധികള്‍ക്കു സാധ്യതയുണ്ടെന്ന് ടൈറ്റന്റെ പ്രമോഷനല്‍ വിഡിയോയില്‍ ഓഷന്‍ഗേറ്റ് സോഫ്റ്റ്‌വെയര്‍ സുരക്ഷാ വിദഗ്ധനായ ആരോണ്‍ ന്യൂമാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ടൈറ്റാനിക് പര്യവേഷണം പൂര്‍ത്തിയാക്കുന്നതിനായി സാധാരണഗതിയില്‍ 8 മണിക്കൂര്‍ സമയമാണ് ആവശ്യമുള്ളത്. 2018ലെ ആദ്യ ദൗത്യത്തില്‍ പേടകവുമായുള്ള ബന്ധം രണ്ടു മണിക്കൂറിലധികം വിച്ഛേദിക്കപ്പെട്ടിരുന്നു.
അതേസമയം, ടൈറ്റന്‍ പര്യവേഷണത്തിനായി യാതൊരുവിധത്തിലുള്ള ഡൈവിങ് പരിശീലനവും ആവശ്യമില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്കു 18 വയസ്സു പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളില്‍ ഇരിക്കാന്‍ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്ക്കു മുന്‍പ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നല്‍കും. ഇതില്‍ കൂടുതലായി യാതൊരുവിധ സുരക്ഷാ നിര്‍ദേശങ്ങളും നല്‍കാറില്ല.
cramped-vessel-is-operated-by-video-game-controller
Comments are closed for this post.