2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു: തോമസ് ഐസക്കിനെ തള്ളി സിപിഎം

തിരുവനന്തപുരം: കെഎസ്എഫ്ഇ വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് സി.പി.എം. പരിശോധനയെ കുറിച്ചുള്ള പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു-പ്രസ്താവനയില്‍ പറയുന്നു

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.അതു കൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളതെന്ന്‌ സിപിഎം വ്യക്തമാക്കി.

കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സിപിഎം വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.