കണ്ണൂര്‍: സി.പി.എം നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും ആരോപണം ഉയര്‍ത്തിയും ശുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായി വിവരങ്ങള്‍ തുറന്നെഴുതി.
പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു.
ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും’ ആകാശ് തുറന്നടിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ആകാശിന് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നത്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകള്‍ വാര്‍ത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമര്‍ശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.
Comments are closed for this post.