കൊച്ചി: തനിക്കെതിരെയുള്ള സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കല്‍ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റം. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നെറ്റിയിലെ വിയര്‍പ്പിന്റെ വില അറിഞ്ഞ് ജീവിക്കണം എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മാത്യു കുഴല്‍നാടനെതിരെ ഒരേസമയം രണ്ട് ആരോപണങ്ങളാണ് സിപിഎം ഉന്നയിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് സിപിഎം ആരോപണം. ഈ ആരോപണങ്ങള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കിയിരിക്കുന്നത്. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അറിയില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആശയമെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ സുതാര്യത അനിവാര്യമാണ്. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവര്‍ക്ക് അവകാശവുമുണ്ട്. തന്നെ മാത്രമല്ല, പങ്കാളികളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ആരോപണങ്ങള്‍. വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനമെന്നത് പണ്ടേ മുന്നോട്ടുവെച്ച മുദ്രാവാക്യമാണ്. ഒരുപാട് അധ്വാനിച്ചും വേദനിച്ചുമാണ് ഇതുവരെ എത്തിയതെന്നും മാത്യു കുഴല്‍നാടന്‍.
ആദ്യ ആരോപണം തന്റെ സംഘടനയെക്കുറിച്ചാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ വര്‍ഷത്തെയും നികുതി ഒടുക്കിയ തുക വിവരിച്ചു. 2 കോടി 18 ലക്ഷം രൂപയില്‍ അധികം സ്ഥാപനത്തിന്റെതായി മാത്രം നികുതി അടച്ചിട്ടുണ്ട്. അത്രയും തുക നികുതി അടച്ചെങ്കില്‍ എത്ര നാളത്തെ കഷ്ടപ്പാടവും. ആരോപണം ഉന്നയിക്കാന്‍ ഒരു പ്രയാസവുമില്ല. ഒരു മൈക്കിന്റെ മുന്നില്‍ ഇരുന്നാല്‍ മാത്രം മതി. തന്റെ സ്ഥാപനത്തിലേക്ക് വിദേശപണം വന്നിട്ടുണ്ട്. ബാങ്ക് ഇടപാടുകള്‍ വഴിയാണ് എല്ലാ പണവും വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം എക്‌സാ ലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ വീണ വിജയന്‍ തയ്യാറുണ്ടോയെന്നും വെല്ലുവിളിച്ചു. തനിക്കെതിരെ ഏത് അന്വേഷണവും നടത്താം. സിപിഎം ഒരു നേതാവിനെ നിയോഗിച്ച് പരിശോധിച്ചോളൂ. ഇതിനായി താന്‍ തോമസ് ഐസക്കിനെ നിര്‍ദ്ദേശിക്കുന്നു. വീണ വിജയന്‍ തയ്യാറല്ലെങ്കിലും തന്റെ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.