2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആകാശിന് ജയ് വിളിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി സി.പി.എം, വെടി നിര്‍ത്തലിന് തില്ലങ്കേരിയും

  • ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ലോക്കല്‍കമ്മിറ്റി സഹകരിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍
   

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് ജയ് വിളിക്കുന്നവര്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് കര്‍ശന താക്കീത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ഇതുവരെ ലോക്കല്‍കമ്മിറ്റി സഹകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിനോട് പ്രതികരിച്ച് പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടായപ്പോള്‍ ആകാശിനെ പിന്തുണച്ചും തില്ലങ്കേരി സഖാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണ് പാര്‍ട്ടി തീരുമാനം.
സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കിയത്. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
അതേ സമയം പാര്‍ട്ടി ഇടപെടലോടെ ആകാശ് തില്ലങ്കേരിയും അടങ്ങി. സംസ്ഥാന നേതൃത്വമാണ് ഇടപെട്ടത്. പാര്‍ട്ടി അംഗങ്ങളെ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളിക്കില്ലെന്നും പാര്‍ട്ടി ലേബല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്. പാര്‍ട്ടിയുമായുള്ള ഏറ്റുമുട്ടല്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്മാറ്റം.

അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമെടുത്തതിന് പിന്നാലെ രണ്ടാമത്തെ കേസിലും ആകാശ് തില്ലങ്കേരി സ്റ്റേഷനില്‍ ഹാജരായി. ഇന്നലെ അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ കീഴടങ്ങാന്‍ ആകാശിന് അവസരം ഒരുക്കിയത് പയ്യന്നൂര്‍ ഡിവൈഎസ്പിയാണെന്ന് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമവും നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.