2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വികസനത്തിന് തടസം സര്‍ക്കാരിന്റെ നിസഹകരണം ആണെന്ന സാജന്റെ അഭിമുഖം പുറത്തുവിട്ട് ‘പോരാളി ഷാജി’; സി.പി.എമ്മിന്റെ ഈ ചാവേര്‍ പേജിന് എന്തുപറ്റിയെന്ന് സോഷ്യല്‍മീഡിയ

കോഴിക്കോട്: ഏതുവിഷയത്തിലും സി.പി.എമ്മിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും അന്ധമായി ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുവരുന്ന പാര്‍ട്ടിയുടെ അൗദ്യോഗിക ഫേസ്ബുക്ക് പേജാണ് ‘പോരാളി ഷാജി’. എന്നാല്‍, സി.പി.എം ഭരണത്തിലുള്ള ആന്തൂര്‍ നഗരസഭയുടെ ചുവപ്പുനാട കാരണം പാര്‍ട്ടി അനുഭാവിയായ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ന്യായീകരണത്തിനോ മറുവാദം ഉന്നയിക്കാനോ പോരാളി ഷാജി ഇല്ല. എന്നു മാത്രമല്ല, സര്‍ക്കാരിനെയും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ചോദ്യംചെയ്യുന്ന പോരാളി ഷാജിയുടെ നിലപാട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. വികസനത്തിന് തടസം സര്‍ക്കാരിന്റെ നിസഹകരണം ആണെന്നുള്ള സാജന്റെ പഴയ വീഡിയോ അഭിമുഖം പുറത്തുവിട്ട് പോരാളി ഷാജി ഇന്നലെ സാജന്റെ ആത്മഹത്യാ വിഷയത്തില്‍ അധികൃതരെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

 

കഴിഞ്ഞദിവസം പോസ്റ്റ്‌ചെയ്ത കുറിപ്പ്.

 

‘ആദരാഞ്ജലികള്‍ സഹോദരാ. പോകാന്‍ തന്നെ തീരുമാനിച്ചിരുന്നുവെങ്കില്‍ സ്വാഭാവിക നീതി നിഷേധിച്ച ഒന്നുരണ്ടെണ്ണത്തിനെ കൂടെ കൊണ്ടുപോകാമായിരുന്നു’ എന്നാണ് വിഡിയോയ്ക്ക് പോരാളി ഷാജി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഈ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എല്ലാ ശരികേടിനെയും കൊടിയുടെ നിറം നോക്കി ന്യായീകരിക്കാതെ ഇത്തരം കാര്യങ്ങളില്‍ ഇതുപോലെ ശരിയായ നിലപാട് സ്വീകരിക്കണമെന്നും കുറിപ്പിനു താഴെയുള്ള കമന്റുകളിലുണ്ട്. കേരളത്തിലെ വികസനത്തിന് തടസ്സം സര്‍ക്കാര്‍ മേഖലയില്‍നിന്നുള്ള സഹകരണക്കുറവാണെന്ന അനുഭവം പങ്കുവെക്കുന്ന, പ്രാദേശിക ചാനലിന് നല്‍കിയ സാജന്‍ പാറയിലിന്റെ അഭിമുഖം ആണ് പോരാളി ഷാജി പുറത്തുവിട്ടിരിക്കുന്നത്.

ആന്തൂര്‍ നഗരസഭാ പരിധിയിലെ ബക്കളത്ത് സംരംഭങ്ങള്‍ തുടങ്ങുന്ന കാലത്താണ് അദ്ദേഹം ചുവപ്പുനാടയെക്കുറിച്ച് പറയുന്നത്. കണ്ണൂര്‍ വിമാനത്താവളവും അതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനവും വരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിക്ഷേപത്തിന് നല്ല സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍നിന്ന് പിന്തുണ കിട്ടുന്നില്ല. വളരെ മോശമായ അനുഭവമാണിക്കാര്യത്തില്‍. സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ നിക്ഷേപം ആകര്‍ഷിക്കാനാവും. സര്‍ക്കാര്‍ ഓഫീസിലെ സഹകരണക്കുറവ് പരിഹരിച്ചാല്‍ മതി, വികസനം വരുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. നിര്‍മാണ സാമഗ്രികളുടെ ക്ഷാമവും പ്രശ്‌നമാണ്. ചിലപ്പോള്‍ മണല്‍ കിട്ടില്ല, മണല്‍ കിട്ടുമ്പോള്‍ കല്ല് കിട്ടില്ല, കല്ല് കിട്ടുമ്പോള്‍ പണിക്കാരെ കിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സര്‍ക്കാര്‍ ഓഫീസുകളെ വ്യവസായ സൗഹൃദമാക്കുകയും ചെയ്താല്‍ നിര്‍മാണ മേഖലയടക്കം വ്യവസായവാണിജ്യ മേഖലയില്‍ വികസനമുണ്ടാകുമെന്നും സാജന്‍ പറയുന്നു.

കഴിഞ്ഞദിവസം ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രഭാഷകനുമായ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പി.കെ ശ്യാമളയുടെ ഫോട്ടോ സഹിതം വിഷയത്തില്‍ പോരാളി ഷാജി നിശിതവിമര്‍ശനം ഉന്നയിച്ചിരുന്നു. അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ട എന്നായിരുന്നു പോരാളി ഷാജി അഭിപ്രായപ്പെട്ടത്. എന്നാല്‍, ആ പോസ്റ്റ് ഇപ്പോള്‍ പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇന്നലെ പേജിന്റെ പ്രൊഫൈല്‍ ചിത്രത്തിന് കറുപ്പ് നിറം നല്‍കിയിട്ടുമുണ്ട്.

 

CPM ‘Cyber warrior Porali Shaji’ criticizes CPM over Anthoor suicide 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.