
ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ മതേതര ഐക്യമുന്നണി രൂപീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കെ കോണ്‍ഗ്രസുമായുള്ള സഖ്യം അപ്രസക്തമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എല്ലാ പ്രതിപക്ഷകക്ഷികളും ഒന്നിച്ചുള്ള സഖ്യം അസാധ്യമാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ഒരുപക്ഷേ സാധ്യമായേക്കും. എന്നാല്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആ സഖ്യത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. വര്‍ഗീയതക്കെതിരേ പോരാടുന്നതുപോലെതന്നെ നവ ഉദാരസാമ്പത്തിക നയങ്ങള്‍ക്കെതിരേ പോരാടുന്നതും സി.പി.എമ്മിന് പ്രധാനമാണെന്നും കാരാട്ട് വ്യക്തമാക്കി.
രാജ്യത്ത് ബി.ജെ.പി വിരുദ്ധ ബദല്‍ ആവശ്യമാണ്. ഇത് എല്ലാ എതിര്‍ശബ്ദങ്ങളെയും ഒന്നിപ്പിക്കാന്‍ സഹായിക്കും. വിശാല മതതേരസഖ്യത്തിന്റെ ഭാഗമാകാന്‍ എല്ലാ ജനാധിപത്യ- മതതേരകക്ഷികളും ഒന്നിച്ച് വിശാലസഖ്യം രൂപീകരിക്കുകയെന്നത് അപ്രായോഗികമാണ്. വ്യക്തമായ ഉപാധികളില്ലാതെയുള്ള സഖ്യ രൂപീകരികരണം അവസരവാദപരവും അനുചിതവും ആയിരിക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സമാനസ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിക്കണമെങ്കില്‍ ആര്.എസ്.എസ് കൂടി മനസുവയ്ക്കണം. ആര്.എസ്.എസാണ് സംഘര്‍ഷം തുടങ്ങിവയ്ക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ സംഘര്‍ഷങ്ങള്‍ അവര്‍ പൊലിപ്പിച്ചുകാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.