കാസര്‍കോട്: പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയാണ് പാർട്ടി പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവൻ നേരത്തെയും സ്വഭാവ ദൂഷ്യം കാണിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം ചെറിയ നടപടികൾ എടുത്ത് സംരക്ഷിക്കുകയായിരുന്നു സിപിഎം.
കാസർകോട് ജില്ലാ നേതൃത്വമാണ് രാഘവന്‍ വെളുത്തോളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ശബ്ദ സന്ദേശമയച്ചത്. രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അറിയാതെ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്.
സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം. മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്.
നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവനെതിരെ സ്വഭാവദൂഷ്യത്തിന് പാർട്ടി നടപടി എടുത്തിരുന്നു.
Comments are closed for this post.