ന്യൂഡൽഹി: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ ഇന്നലെ ചേർന്ന സി.പി.എം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്തില്ല. യോഗത്തിന്റെ ആദ്യ ദിവസമായതിനാൽ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയാണ് ഇന്നലെ പരിഗണിച്ചത്. വിഷയം ചർച്ച ചെയ്തില്ലെന്ന് യോഗ ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ഇന്ന് പൊതു രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനിടയിൽ ഈ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയോട് വിശദാംശം തേടും. ആരോപണം ജനുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ മുന്നിൽ വന്നേക്കും.
വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്നാണ് പൊതു ധാരണയെന്നാണ് വിവരം. അന്വേഷണം ഉൾപ്പെടെയുള്ള കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇ.പിക്കെതിരായ ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് ഇന്നലെ എം.വി ഗോവിന്ദൻ പ്രതികരിച്ചു. പോളിറ്റ്ബ്യൂറോയിൽ ഒരു ചർച്ചയും ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കാരാട്ടും ഇതേ നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ, ഇ.പിക്കെതിരായ ആരോപണം നിഷേധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് എന്തിന് നിഷേധിക്കണമെന്നായിരുന്നു പിന്നീട് ഗോവിന്ദൻ നൽകിയ മറുപടി. നിങ്ങൾ പറയുന്നത് നിഷേധിക്കലാണോ നമ്മുടെ പണിയെന്നും ചോദിച്ചു. കേരളത്തിലെ വിഷയമടക്കം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Comments are closed for this post.