നേതാക്കള്‍ അണികളില്‍നിന്നും ബഹുദൂരം അകന്ന് പോയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങളായ ബഹുജന സംഘടനകളുമായുള്ള ബന്ധം ശിഥിലമായിട്ടുണ്ടെന്നുമാണ് ഇന്ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. പാളിച്ചകള്‍ കണ്ടെത്തി തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമാണ് യോഗം ചേര്‍ന്നത്. കൊല്‍ക്കത്ത പ്ലീനറി സമ്മേളനത്തിലും ഇതേ തീരുമാനങ്ങളായിരുന്നു എടുത്തിരുന്നത്. ഇവ സംസ്ഥാന സമിതി പ്രവര്‍ത്തന രേഖയായി അംഗീകരിച്ചതുമാണ്. പ്രാവര്‍ത്തികമായില്ലെന്ന് മാത്രം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച സംഘടനാ ശൈലീമാറ്റത്തെക്കുറിച്ചും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് സംബന്ധിച്ചും തയാറാക്കിയ റിപ്പോര്ട്ടിന്മേല് ഇന്ന് നടക്കുന്ന ചര്‍ച്ചയോടെ സെക്രട്ടറിയേറ്റ് യോഗം അവസാനിക്കും. തുടര്‍ന്ന് സി.പി.എമ്മിന്റെ പതിവ് നടപടിക്രമങ്ങളനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ 21 മുതല്‍ 23 വരെയും പിന്നീട് ജില്ലാ, ബ്രാഞ്ച് കമ്മിറ്റികളിലും കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച രണ്ട് റിപ്പോര്ട്ടിന്മേലും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.
എന്നാല്‍ ഇതുകൊണ്ട് സി.പി.എം സംസ്ഥാനത്ത് നേരിടുന്ന രാഷ്ട്രീയ അപചയങ്ങളില്‍നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കാനാവില്ല. ജനങ്ങളോട് മാന്യമായി പെരുമാറാതെ ഒരു തെറ്റ് തിരുത്തലുകളും സാധ്യമാവില്ലെന്നാണ് സി.പി.എം ജില്ലാ ഘടകങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നതെങ്കിലും അത്കൊണ്ട് മാത്രം പാര്‍ട്ടി ഇന്ന് അകപ്പെട്ടിരിക്കുന്ന ചുഴിയില്നിന്നും രക്ഷപ്പെടുമോ എന്നത് സംശയകരമാണ്.
കൊല്‍ക്കത്ത പ്ലീനറി സമ്മേളനത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയണമെന്നില്ല. പ്രശസ്ത എഴുത്തുകാരായിരുന്ന ഒ.വി വിജയനും എം. സുകുമാരനും വര്‍ഷങ്ങള്‍ക്ക് മുമ്പെ നിരീക്ഷിച്ച സി.പി.എമ്മിന്റെ ആന്തരിക ജീര്‍ണത അതിന്റെ പാരമ്യതയില്‍ എത്തുന്നു എന്നതല്ലേ യാഥാര്‍ഥ്യം.
ഏതൊരു ആശയവും സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ അതൊരു വ്യവസ്ഥാപിത ചട്ടക്കൂടിനകത്ത് ഞെരുക്കപ്പെടും. മനുഷ്യ നിര്‍മിതമായ ഒരു ആശയത്തിനും നൂറ് വര്‍ഷത്തിലധികം നിലനില്‍പ്പില്ല എന്ന ചരിത്രസത്യം സി.പി.എമ്മിനും ബാധകമാണ്. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ വളര്‍ച്ചക്ക് ഉതകുന്ന ഒരു ജീവിത പദ്ധതിയല്ല പ്രസ്തുത ആശയം. ഇങ്ങിനെ വരുമ്പോള്‍ ജനകീയ നേതാക്കളുടെ സ്ഥാനത്ത് പകരം വരുന്നവര്‍ അധികാര കേന്ദ്രങ്ങളായി മാറും. അവരുടെ പെരുമാറ്റങ്ങളിലും ജീവിത രീതികളിലും ഈ മാറ്റം ദൃശ്യമാകുമ്പോള്‍ അണികള്‍ പാര്‍ട്ടിയില്‍നിന്നും കൊഴിഞ്ഞ് പോവുക സ്വാഭാവികം. പണ്ടത്തെപ്പോലെ കട്ടന്‍ചായയും പരിപ്പ് വടയും കഴിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെയും സമുന്നത നേതാവായ പാലൊളി മുഹമ്മദുകുട്ടിയുടെയും ജീവിതം കണ്ട് മനസ്സിലാക്കിയവര്‍തന്നെയാണ് ഇന്നത്തെ നേതാക്കളുടെയും ജീവിതം കാണുന്നതും അനുഭവിക്കുന്നതും. പ്രസംഗങ്ങളും ആഹ്വാനങ്ങളും അണികളെ പിടിച്ച്നിര്‍ത്തുന്ന കാലം എന്നോ കഴിഞ്ഞുപോയി. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അല്പമെങ്കിലും സി.പി.എം നേതാക്കളില്‍ ദര്‍ശിക്കുവാന്‍ അണികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ സ്വാഭാവികമായും അകന്ന്പോകും. വെറുതെ ചിരിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്റെ ചുമലില്‍ തട്ടിയാല്‍ തഴച്ച് വളരുന്ന സി.പി.എം കാലം കഴിഞ്ഞുപോയിരിക്കുന്നു.
അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും കൂടെയായിരുന്നു പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെങ്കില്‍ ഇന്നവര്‍ ഗുണ്ടകളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യതപോലും തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്ന നേതാക്കളെ ജനം കാണുന്നുണ്ട്. പണ്ട് എല്ലാറ്റിനും ഒരു മറയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ എല്ലാം ഒപ്പിയെടുക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ഓരോ നീക്കങ്ങളും ഇന്ന് വിരല്‍ത്തുമ്പുകളില്‍നിന്നും ലഭ്യമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മകന് പാര്‍ട്ടി സ്ഥാപനത്തില്‍ ഒരു കൂലിത്തൊഴിലാളിയുടെ ജോലി കിട്ടിയതിന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടിയിരുന്ന അദ്ദേഹം മകനെ അതില്‍നിന്നും പിന്തിരിപ്പിച്ചു. ഇന്നത്തെ നേതാക്കളുടെ മക്കള്‍ കോര്‍പറേറ്റു കമ്പനികളില്‍ സി.ഇ.ഒമാരായും വൈസ് പ്രസിഡന്റുമാരായും വാഴുന്നതില്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഒരുവിമര്‍ശനംപോലും ഉയരുന്നില്ല. അത് മകന്റെ കാര്യം. നേതാവ് എന്ത് പിഴച്ചു എന്ന മനോഭാവം പാര്‍ട്ടി നേതൃത്വത്തെ പിടികൂടുമ്പോള്‍ എങ്ങിനെ അണികളെ പിടിച്ചുനിര്‍ത്താനാകും.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇതൊക്കെതന്നെയാണ്. ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യം എടുത്ത്കാട്ടിമാത്രം സി.പി.എമ്മിന് ത്രിപുരയില്‍ നിലനില്ക്കാനായില്ല. ബാക്കിയുള്ള മന്ത്രിമാരും നേതാക്കളും അഴിമതിയുടെ മൂര്‍ത്ത രൂപങ്ങളായിരുന്നു. ബംഗാളിലും അതുതന്നെയായിരുന്നില്ലേ. ബ്രാഞ്ച് സെക്രട്ടറിപോലും ബംഗാളില്‍ ഭരണാധികാരിയുടെ തലത്തില്‍ എത്തിയിരുന്നു. കര്‍ഷകന്റെ ഭൂമി ബലമായി പിടിച്ചെടുത്ത് ടാറ്റക്കും സലിം ഗ്രൂപ്പിനും നല്കാന്വരെ അവിടത്തെ പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം വളര്‍ന്നു.
രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അപകടകരമായ ഒരവസ്ഥയിലൂടെ കടന്ന്പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ദിശാപരമായ നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയായ സി.പി.എം തകരുന്നത് കാണാന്‍ കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ആളുകള്‍പോലും ഇഷ്ടപ്പെടുന്നില്ല. ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കരുതേ എന്നാണ് വ്യത്യസ്ഥ പാര്‍ട്ടികളില്‍ ഉള്ളവര്‍പോലും സി.പി.എമ്മിനെക്കുറിച്ച് ആഗ്രഹിക്കുന്നത്. നേരത്തെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തോട് സാമ്യപ്പെടുത്തി പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ കാണരുത്. ഇത് കാലിനടിയിലെ മണ്ണ് ഒലിച്ചുപോയുണ്ടായ പരാജയമാണ്. കോണ്‍ഗ്രസ് ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ സി.പി.എമ്മും ഒരു ആത്മപരിശോധന നടത്തുന്നതും ഉചിതമായിരിക്കും.