
ദോഹ: കോവിഡ് കേസുകളില്‍ കാര്യമായി കുറവ് വന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ആരോഗ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ നീക്കുക. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം മെയ് 28ന് ആരംഭിക്കും. രണ്ടാം ഘട്ടം ജൂണ്‍ 18നും മൂന്നാം ഘട്ടം ജൂലൈ 9നും നാലാം ഘട്ടം ജൂലൈ 30നും ആണ് ആരംഭിക്കുക.
വാക്സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങളുമായി നേരിട്ട് പഴകുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കും.
നിലവില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. എല്ലാപ്രായക്കാരിലും രോഗബാധ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേസുകള്‍ കുറഞ്ഞെങ്കിലും പെരുന്നാളിന് ശേഷം വര്‍ധിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ വകഭേദങ്ങളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരണം.
ഖത്തറിലെ കണിശമായ ക്വാറന്റീന് നടപടികളും രോഗവ്യാപനം തടയാന്‍ സഹായിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ ഡോസ് വാക്സിനുകള്‍ ഇതിനകം ഖത്തറില്‍ നല്‍കിക്കഴിഞ്ഞു.