
റിയാദ്: കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സഊദി കരാറിൽ ഒപ്പ് വെച്ചു. സഊദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചതെന്ന് സഊദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്റ് മെഡിക്കല്‍ അപ്ലയന്‍സസ് കമ്പനി അഥവാ സ്പിമാക്കോ വ്യക്തമാക്കി. ജര്‍മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്വാക്കുമായാണ് സഊദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കരാര്‍ ഒപ്പ് വെച്ചത്.
അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്സിന് വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നിര്‍മ്മാതാക്കള്‍. കമ്പനി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ സഊദിയിലെ വിതരണവും അനുമതിയും ലക്ഷ്യമാക്കിയുള്ള കരാറിലാണ് ഇരു കമ്പനികളും ധാരണയിലെത്തിയത്. വാക്സിന്റെ രജിസ്ട്രേഷന്, വിതരണ അനുമതി, മറ്റു റെഗുലേറ്ററി ആവശ്യമായ ആരോഗ്യ മന്ത്രാലയത്തിന്റെയും എഫ്.ഡി.എയുടെയും അനുമതികള്‍ എന്നിവ നേടുന്നതിനാണ് സ്പിമാക്കോ പ്രവര്‍ത്തിക്കുക.
ഇവ പൂര്‍ത്തിയാകുന്ന മുറക്ക് വാണിജ്യ കരാര്‍ ഉള്‍പ്പെടെയുള്ള അന്തിമ കരാറിലും ഏര്‍പ്പെടാനാണ് ധാരണ. വാക്സിന് പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായും അടുത്ത വരഷം ആദ്യ പാദത്തില്‍ ഇ.എം.എയുടെ അംഗീകാരം കൂടി നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.
വാക്സിൻ ലഭ്യമായിത്തുടങ്ങിയാൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ സഊദി അധികൃതർ വ്യക്തമാക്കിയിരിന്നു. മാത്രമല്ല, ലോകത്തെ വാക്സിൻ പുറത്തിറങ്ങിയാൽ ആദ്യം ലഭ്യമാകുന്ന രാജ്യങ്ങളിൽ സഊദിയും ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടികൾ അധികൃതഹർ ഇതിനകം തന്നെ കൈക്കൊണ്ടിട്ടുണ്ട്.