2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നിർബന്ധിത കൊവിഡ് ടെസ്റ്റ്: സർക്കാർ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്നും പ്രതിഷേധവുമായി സംഘടനകൾ രംഗത്ത്

      റിയാദ്: കൊവിഡ് മഹാമാരി മൂലം അടിയന്തിരമായി ചാർട്ടേർഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ വിദേശത്തുനിന്നും സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തിയിരിക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്നും പ്രതിഷേധം അലയടിക്കുന്നു. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സഊദിയിലെ നിരവധി സംഘടനകൾ രംഗത്തെത്തി. സർക്കാർ നടപടി ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതാണെന്നും പ്രവാസികൾ ഇവിടെ തന്നെ കഴിഞ്ഞാൽ മതി, നാട്ടിലേക്ക് വരേണ്ടെന്ന നിലപാടാണ് ഇതിനു പിന്നിലുള്ളതെന്നും ഇവർ ആരോപിച്ചു.

തീരുമാനം പ്രവാസികളോട് ചെയ്യുന്ന കടുത്ത അനീതി: മക്ക ഇന്ത്യൻ അസോസിയേഷൻ

      സർക്കാർ തീരുമാനം പ്രവാസികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് 21 സംഘടനകളുടെ കൂട്ടായ്മയായ മക്ക ഇന്ത്യൻ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികളെ കുരുതിക്ക്‌ കൊടുക്കാതെ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാത്രം കൊവിഡ് ടെസ്റ്റ് നടത്തണമെന്ന ഇരട്ടത്താപ്പ് നയം ഉടൻ പിൻവലിക്കണമെന്ന് മക്ക ഇന്ത്യൻ അസോസിയേഷൻ പ്രസ്താവനയിൽ ശക്തമായി ആവശ്യപ്പെട്ടു. വന്ദേഭാരത് വിമാനങ്ങളിൽ മടങ്ങുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കാതെ, ചാർട്ടേർഡ് വിമാനങ്ങളിൽ മാത്രം നാട്ടിലേക്ക് മടങ്ങുന്നവർക്ക്‌ ടെസ്റ്റ് നിർബന്ധമാക്കിയത് പ്രവാസികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയാനുള്ള ഗൂഢാലോചനയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

      മാനസികമായി തളര്‍ന്നിരിക്കുന്ന പ്രവാസികളെ സർക്കാരിന്റെ വികലമായ ഇത്തരം നിയമങ്ങൾ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. രോഗ ബാധിതര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു തവണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവര്‍ക്ക് രണ്ടാമതൊന്ന് ടെസ്റ്റ് ചെയ്യാന്‍ പോലും അവസരമില്ലാത്ത അവസ്ഥയിൽ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്ന, ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന, രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികളെ നാടണയാന്‍ ശ്രമിക്കുമ്പോഴാണ് 1500 റിയാലോളം അധിക ബാധ്യത വരുന്ന ടെസ്റ്റ് നടത്താന്‍ സർക്കാർ നിർബന്ധിക്കുന്നത്.

       കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിമാനങ്ങളിൽ കൊവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് വിവിധ സന്നദ്ധ സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. കേരള സർക്കാർ ചാർട്ടേർഡ് വിമാനങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ വന്ദേ ഭാരത് മിഷന്റെ കീഴിൽ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് മിയ (Makkah Indian Association) എക്സിക്യൂട്ടീവ് വിലയിരുത്തി. 

പുതിയ നിബന്ധന പ്രവാസികളെ നാട്ടിലേക്ക് വരുന്നതിനെ തടയിടുക എന്ന ലക്ഷ്യം മാത്രം: കെഎംസിസി

      ചാർട്ടേർഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് വേണമെന്ന നിയമം അപ്രായോഗികമാണെന്നും സർക്കാർ പുനർവിചിന്തനം നടത്തണമെന്നും ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു. ജോലിയും കൂലിയുമില്ലാതെ കൊവിഡ് ഭീഷണിയിൽ കഷ്ടപെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയാതെ വന്നപ്പോൾ കെഎംസിസി ഉൾപ്പെടെയുള്ള പ്രവാസി സന്നദ്ധ സംഘടനകൾ തന്നെ എംബസ്സിയിലും  നോർക്കയിലും രജിസ്റ്റർ ചെയ്തു മാസങ്ങളോളമായി കാത്ത് നിൽക്കുന്ന അടിയന്തിര ആവശ്യമുള്ള ആയിരക്കണക്കിന് പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി അനുമതികൾ വാങ്ങി യാഥാർഥ്യമാവുമെന്നു കണ്ടപ്പോൾ ഇപ്പോൾ ഏർപ്പെടുത്തിയ പുതിയ നിബന്ധന പ്രവാസികളെ നാട്ടിലേക്ക് വരുന്നതിനെ തടയിടുക എന്ന ലക്ഷ്യം മാത്രമാണെന്നും സർക്കാർ ഉടൻ ഈ തീരുമാനം പിൻവലിച്ചു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ പ്രവാസികളെ പരമാവധി ദ്രോഹിക്കുന്നു: ഒഐസിസി

സംസ്ഥാന സർക്കാറിന്‍റെ നിലപാട് അങ്ങേയറ്റം ധിക്കാരപരമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ കരുതുന്നത് പോലെ കൊവിഡ് ടെസ്റ്റ് അത്രയെളുപ്പത്തിൽ സഊദി അറേബ്യ പോലുള്ള രാജ്യത്ത് നടത്തുക സാധ്യമല്ല. പണം കൊടുത്താൽ പോലും ടെസ്റ്റ് നടത്താൻ ബുദ്ധിമുട്ടാണ്. കാര്യമായ ലക്ഷണമുള്ളവരെ മാത്രമേ ടെസ്റ്റ് നടത്താൻ അനുവദിക്കൂ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതിനെ കുറിച്ച് കേരള സർക്കാർ ഒന്നും മനസിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ആരാണ് ഈ സർക്കാരിനെ ഉപദേശിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ അതത് രാജ്യത്തെ തങ്ങളുടെ പ്രവാസി സംഘടനാ പ്രതിനിധികളുമായി ഒന്നാലോചിക്കാനെങ്കിലും തയാറാവണം.

    ചാർട്ടേർഡ് വിമാനത്തിൽ വരുന്നവരെല്ലാം സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ളവരാണന്നോ സർക്കാറുകൾ കരുതുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കരുതി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് പലരും വിമാന ടിക്കറ്റുകൾ എടുക്കുന്നത്. കേന്ദ്ര സർക്കാരിെൻറ വന്ദേ ഭാരത് വിമാന സർവിസ് വെറും പ്രഹസനമാണ്. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങി വരുന്ന പരിപാടിക്കാണ് ‘വന്ദേ ഭാരത്’ എന്ന് പേരിട്ടിരിക്കുന്നത്.

     ഒരു വലിയ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ തരത്തിലും സംസ്ഥാനവും കേന്ദ്രവും പ്രവാസികളെ അന്യരായി കണ്ട് പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതികരിക്കണമെന്നും ഇത്തരത്തിലുള്ള നീക്കത്തിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കണമെന്നും റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള സർക്കാറിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രവാസി സാംസ്കാരിക വേദി

     ചാർട്ടർ ഫ്ലൈറ്റുകളിൽ വരുന്നവർ സ്വന്തം നിലയിൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും നെഗറ്റീവ് ആകുന്നവർക്ക് മാത്രം യാത്ര ചെയ്യാമെന്നുമുള്ള കേരള സർക്കാറിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ കമ്മിറ്റി പ്രസ്താവിച്ചു. യാതൊരുവിധ ന്യായീകരണവുമില്ലാത്ത ഈ നിയമം മൂലം ആയിരങ്ങളാണ് കഷ്ടപ്പെടാൻ പോകുന്നത്. അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേരള സർക്കാറിൻ്റെ പ്രവാസികളോടുള്ള നിഷേധാത്മക മനോഭാവം തിരുത്തണമെന്നും നാടണയാനുള്ള പ്രവാസികളുടെ അവകാശം ഇല്ലാതാക്കാനുളെ നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സംഘം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.