2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം, മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: സംസ്ഥാനത്ത് വീണ്ടും കര്‍ശന നിയന്ത്രണം

രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തും

 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുപരിപാടികളില്‍ പരമാവധി 100 പേരെ മാത്രമേ അനുവദിക്കു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലിസിന് നല്‍കി. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാളുകളില്‍ പ്രവേശിക്കാം.

ഇന്ന് ചേര്‍ന്ന മുഖ്യമന്ത്രിയുടെ നേതൃയോഗത്തിലാണ് തീരുമാനം.വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 39,000 ഓളം പരിശോധനകളാണ് ജില്ലയില്‍ നടത്തുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ സജ്ജമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ വിപുലീകരിക്കും.

പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.