പനാജി: കൊവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ തുടരുന്ന ഗോവ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഔദ്യോഗിക ഫയലുകള്‍ നോക്കുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ചിത്രം അദ്ദേഹത്തിന്റെ ഓഫിസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫയല്‍ നോക്കുന്ന മുഖ്യമന്ത്രി മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും കൈയ്യില്‍ ഗ്ലൗസ് ധരിച്ചിട്ടില്ലെന്നാണ് ആരോപണം.
കൊവിഡ് പോസറ്റീവായ ഒരാള്‍ കൈയ്യില്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കുകയും ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നത് അവര്‍ക്കു കൂടി വൈറസ് പകരാന്‍ കാരണമാകില്ലേയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
സെപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ ഉപദേശപ്രകാരം ഹോം ഐസൊലേഷനിലേക്ക് മാറിയ മുഖ്യമന്ത്രി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തനിക്ക് രോഗബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കിടക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫയലില്‍ ഒപ്പുവെക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന്റെ ഓഫിസ് പുറത്തുവിട്ടത്.
Comments are closed for this post.