2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: മയ്യിത്ത് സംസ്‌കരിക്കേണ്ട വിധം

സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍


ചേതനയറ്റ ശരീരങ്ങളോട് നാം വളരെ ആദരവ് പുലര്‍ത്താറുണ്ട്. മതങ്ങളും മാനുഷിക മൂല്യങ്ങളും എല്ലാം അത് പഠിപ്പിക്കുന്നു. മൃതദേഹത്തോട് മാന്യത കാണിക്കണമെന്ന് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന 21-ാം വകുപ്പ് അനുശാസിക്കുന്നുമുണ്ട്. ലോകാരോഗ്യസംഘടനയും അത് പ്രത്യേകം എടുത്തു പറയുന്നു. മയ്യിത്തിനെബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് കുളിപ്പിക്കാനും കഫന്‍ ചെയ്യാനും നിസ്‌കരിക്കാനും മറവ് ചെയ്യാനുമെല്ലാം ഇസ്‌ലാം മതം പഠിപ്പിച്ചത്. സത്യവിശ്വാസി മരണപ്പെട്ടാല്‍ ഈ കാര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ മുസ്‌ലിം സമൂഹത്തിനുമേല്‍ സാമൂഹിക ബാധ്യതയായി ഇസ്‌ലാം ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവകളിലെ ഓരോ ഉപകര്‍മങ്ങള്‍ പോലും മയ്യിത്തിനോടുള്ള ബഹുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഉദാഹരണമായി മയ്യിത്ത് കുളിപ്പിക്കുമ്പോഴും കഫന്‍ ചെയ്യുമ്പോഴും മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ പോലും നിരവധി നിയമങ്ങളുണ്ട്. അതെല്ലാം മയ്യിത്തിനോടുള്ള ബഹുമാനമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ ചെയ്തു കൊടുക്കാന്‍ പറ്റാതെ വന്നേക്കാം. ഉദാഹരണമായി മയ്യിത്ത് ഉരുള്‍പൊട്ടലിലോ മറ്റോ വെള്ളത്തിനടിയില്‍ പെട്ട് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ കരിഞ്ഞു പോയി, അതുമല്ലെങ്കില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടു പുറത്തെടുക്കാന്‍ പറ്റാതെ വന്നു ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എങ്ങനെ സംസ്‌കരണം നടത്തണമെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിലും കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ തടസം മൂലം മയ്യിത്ത് തൊടാനോ അടുത്തു പോകാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. മൃതദേഹങ്ങളില്‍ നിന്ന് ശ്വാസോച്ഛാസത്തിലൂടെയോ മറ്റു സമ്പര്‍ക്കത്തിലൂടെയോ രോഗം പകരില്ല എന്നിരിക്കേ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് മയ്യിത്തിനെ കുളിപ്പിക്കുന്നതിനും തയമ്മും ചെയ്യുന്നതിനും ആശുപത്രി അധികൃതര്‍ എതിരു നില്‍ക്കുന്നത് തികച്ചും തെറ്റായ രീതിയാണ്. ഇത് ബന്ധപ്പെട്ടവരെ ഉണര്‍ത്തുക തന്നെ വേണം. ആശുപത്രികളില്‍ നിന്ന് മരണപ്പെട്ടാല്‍ തയമ്മും ചെയ്യാനെങ്കിലും നാം നിര്‍ബന്ധമായും ശ്രമിക്കണം. കൈയില്‍ ഗ്ലൗസ് ധരിച്ച് തയമ്മും ചെയ്തു കൊടുക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല.


മയ്യിത്തിന് ആദ്യമായി ചെയ്തുകൊടുക്കേണ്ട നിര്‍ബന്ധ കര്‍മം കുളിപ്പിക്കലാണ്. ശരീരം മുഴുവന്‍ വെള്ളം എത്തിയാല്‍ തന്നെ കുളിയുടെ ചുരുങ്ങിയ രൂപമായി. അത് അമുസ്‌ലിമാണ് ചെയ്തതെങ്കിലും മതിയാകുന്നതാണ്. ആശുപത്രി അധികൃതര്‍ക്ക് തന്നെ അത് നിര്‍വഹിക്കാവുന്നതാണ്. ആശുപത്രികളിലേക്ക് മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ നിസ്‌കാര ഹാള്‍ പോലും ഒരുക്കുന്ന അധികൃതര്‍ കൊറോണ വൈറസ് ബാധയുള്ള മയ്യിത്ത് കുളിപ്പിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കി ഒരു പടി കൂടി മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇതിന് സാധ്യമല്ലെങ്കില്‍ തയമ്മും ചെയ്യുകയെങ്കിലും വേണം. മയ്യിത്തിന്റെ അവകാശികള്‍ ആശുപത്രി അധികൃതരെ കൊണ്ട് തയമ്മും ചെയ്യിപ്പിക്കുകയോ അതല്ലെങ്കില്‍ അവരുടെ സമ്മതം വാങ്ങി നാം തയമ്മും ചെയ്തു കൊടുക്കുകയോ വേണം. ‘അല്‍പം പൊടിമണ്ണ് എടുത്ത് ഇരുകൈകള്‍കൊണ്ടും അതില്‍ അമര്‍ത്തി കൈയില്‍ തങ്ങിയ പൊടികൊണ്ട് മുഖത്തും രണ്ടാമത് എടുത്ത് രണ്ടു കൈകളും മുട്ടു വരെ ഓരോ പ്രാവശ്യം തടവുക’ എന്ന എളുപ്പമുള്ള കാര്യമാണ് തയമ്മും. അതുപോലും ചെയ്യാതിരിക്കുന്നത് തികഞ്ഞ വീഴ്ചയാണ്. പല ആശുപത്രി അധികൃതരും അതിന് അനുവദിക്കുന്നില്ല എന്നത് നീതി നിഷേധമാണ്. മയ്യിത്തിനെ ആകെ മറക്കുക എന്ന ‘കഫന്‍’ ചെയ്യലാണ് രണ്ടാമത്തെ നിര്‍ബന്ധ ബാധ്യത. അതേതായാലും നിലവില്‍ നടക്കുന്നുണ്ട് എന്നതില്‍ നമുക്ക് ആശ്വസിക്കാം.


മൂന്നാമത്തെ നിര്‍ബന്ധ ബാധ്യത മയ്യിത്ത് നിസ്‌കാരമാണ്. നിസ്‌കാരത്തിന് മറ്റു നിസ്‌കാരങ്ങളുടെ നിബന്ധനകള്‍ക്കു പുറമേ മയ്യിത്തിനെ കുളിപ്പിക്കുകയോ തയമ്മും ചെയ്യുകയോ ചെയ്യണമെന്ന നിബന്ധന കൂടിയുണ്ട്. അഥവാ ശുദ്ധി വരുത്തിയിട്ടില്ലെങ്കില്‍ നിസ്‌കരിക്കാന്‍ പാടില്ല. അപ്പോള്‍ ശുദ്ധി വരുത്താന്‍ പറ്റിയില്ലെങ്കില്‍ നിസ്‌കരിക്കാതെ മറവ് ചെയ്യണം. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം. ഇബ്‌നു ഹജര്‍ (റ) പറയുന്നു: ബില്‍ഡിങ് തകര്‍ന്നോ ആഴമുള്ള കിണറ്റില്‍ അല്ലെങ്കില്‍ സമുദ്രത്തില്‍ വീണോ മരിക്കുകയും മയ്യിത്ത് കുളിപ്പിക്കലും തയമ്മും ചെയ്യലും പറ്റാതെ വരുകയും ചെയ്താല്‍ മയ്യിത്തിന് ശുദ്ധി മുന്‍ കടക്കുക എന്ന നിബന്ധന നഷ്ടപ്പെട്ടതിനാല്‍ ആ മയ്യിത്ത് നിസ്‌കരിക്കാന്‍ പാടില്ല (തുഹ്ഫ 3:208). ഇതാണ് ഇമാം നവവിയു(റ) ടെയും റാഫി(റ) യുടെയും വീക്ഷണമെന്ന് ഖതീബുശ്ശിര്‍ബിനി (റ) പറയുന്നു. ഇമാം നവവി(റ) യും റാഫി(റ) യും ഇമാം മുതവല്ലിയെ തൊട്ട് ഉദ്ധരിച്ചത് അതാണ്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് (മുഗ്‌നി 2:50).


മുകളില്‍ പറഞ്ഞതിനു വിരുദ്ധമായി നിസ്‌കരിക്കാമെന്ന് പറഞ്ഞവരും ശാഫിഈ മദ്ഹബിലുണ്ട്. കുളിപ്പിച്ചോ തയമ്മും ചെയ്‌തോ ശുദ്ധി വരുത്തുക എന്നത് ബാധ്യതയാണ്. നിസ്‌കരിക്കുക മറ്റൊരു ബാധ്യതയാണ്. അതിലൊന്ന് അസാധ്യമായാല്‍ മറ്റേത് ചെയ്യാതിരിക്കേണ്ടതില്ലെന്നാണ് അവരുടെ ന്യായം. മാത്രമല്ല നിസ്‌കരിക്കുന്നതിന് മയ്യിത്ത് ശുദ്ധി വരുത്തണമെന്നത് ജീവിച്ചിരുന്നവരോട് തുലനം ചെയ്തിട്ടാണല്ലോ. അഥവാ ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് നിസ്‌കരിക്കണമെങ്കില്‍ ശുദ്ധി വേണം. അതുപോലെയാണ് മയ്യിത്തിനും. എന്നാല്‍ വെള്ളവും മണ്ണും ലഭിക്കാത്ത ആള്‍ക്ക് നിസ്‌കാരം നിര്‍ബന്ധമാണ്. അതുപോലെ കുളിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും നിസ്‌കരിക്കാം എന്നാണ് അവരുടെ വീക്ഷണം. ഇമാം റംലി(റ) പറയുന്നു: മയ്യിത്തിനെ ശുദ്ധി വരുത്താതെ നിസ്‌കരിക്കരുത് എന്നതാണ് പ്രബലമായ അഭിപ്രായം. പില്‍ക്കാലക്കാരായ ഒരു വിഭാഗം പണ്ഡിതന്മാര്‍ അതിനെതിരാണ്. അവര്‍ പറയുന്നത് നിബന്ധന പാലിക്കേണ്ടത് അത് സാധിക്കുമ്പോഴാണ്. അതുകൊണ്ടാണല്ലോ വെള്ളവും മണ്ണും ഇല്ലാത്തവന് ശുദ്ധി വരുത്താതെ നിസ്‌കാരം ശരിയാകുന്നതും നിര്‍ബന്ധമാകുന്നതും (നിഹായ 3:28). ഇത് ഒന്നുകൂടി വിവരിച്ച് ഇമാം ഖതീബുശ്ശിര്‍ബീനി(റ) വിവരിക്കുന്നു: പില്‍ക്കാലക്കാരായ ചില പണ്ഡിതന്മാര്‍ പറഞ്ഞു; ശുദ്ധി വരുത്താന്‍ സാധിക്കാത്ത മയ്യിത്തിന് നിസ്‌കരിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല. കാരണം പ്രയാസങ്ങളുള്ള കാര്യങ്ങള്‍ ഒഴിവായതിനാല്‍ സാധിക്കുന്നത് ഒഴിവാക്കാന്‍ ന്യായമില്ല. നിങ്ങളോട് ഏതുകാര്യവും കല്‍പിക്കപ്പെട്ടാല്‍ അതില്‍ ആവുന്നത്ര നിങ്ങള്‍ കൊണ്ടുവരിക എന്ന് നബി(സ)യെ തൊട്ട് സ്വീകാര്യയോഗ്യമായി വന്നിട്ടുണ്ട്. മാത്രമല്ല മയ്യിത്ത് നിസ്‌കാരം കൊണ്ട് ഉദ്ദേശ്യം മയ്യിത്തിന് വേണ്ടി ദുആ ചെയ്യലും ശുപാര്‍ശ ചെയ്യലുമാണ് (അത് ഏതായാലും വേണ്ടതാണല്ലോ). ഇമാം ദാരിമിയും അല്ലാത്തവരും ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഒരു മയ്യിത്തിനെ ശുദ്ധി വരുത്താന്‍ ബുദ്ധിമുട്ടായാല്‍ എന്തായാലും അതിന് നിസ്‌കരിക്കപ്പെടണം. ഇമാം ദാരിമി തുടരുന്നു; ശുദ്ധി വരുത്താന്‍ സാധിക്കാത്ത മയ്യിത്തിന് നിസ്‌കരിക്കരുതെന്നു പറഞ്ഞാല്‍ മയ്യിത്ത് കരിഞ്ഞു വെണ്ണീരാവുകയോ അല്ലെങ്കില്‍ മയ്യിത്തിന് ശുദ്ധി വരുന്നതിന് മുമ്പ് പിടിമൃഗം ഭക്ഷിക്കുകയോ ചെയ്താല്‍ നിസ്‌കരിക്കരുത് എന്ന് പറയേണ്ടി വരുമല്ലോ. ശാഫിഈ അസ്ഹാബില്‍ നിന്ന് അങ്ങനെ പറഞ്ഞവരെ ആരെയും ഞാന്‍ കണ്ടിട്ടില്ല.


നിസ്‌കരിക്കണമെന്ന ഈ ചര്‍ച്ച ഇമാം അദ്‌റഈ(റ) വളരെ സുദീര്‍ഘമായി നല്‍കിയിട്ടുണ്ട്. മുഗ്‌നിയില്‍ ഖതീബുശ്ശിര്‍ബീനി(റ) പറഞ്ഞ ഭാഗം മുഴുവനും ഉദ്ധരിച്ച ശേഷം തുഹ്ഫയുടെ പ്രസിദ്ധ വ്യാഖ്യാനമായ ഹാശിയതുശ്ശര്‍വാനിയില്‍ പറയുന്നു: ശുദ്ധി വരുത്താന്‍ സാധിക്കാത്ത മയ്യിത്തിന് നിസ്‌കരിക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരെ പിന്‍പറ്റി ചെയ്ത് നിസ്‌കരിക്കല്‍ അനിവാര്യമാണ്. മുങ്ങിമരിച്ച മയ്യിത്താണെങ്കില്‍ പ്രത്യേകിച്ചും (ശര്‍വാനി 3:208).
കൊവിഡ് ബാധിച്ചു മരിച്ചവരുടെ മേല്‍ കുളിപ്പിക്കാതെയുള്ള മയ്യിത്ത് നിസ്‌കാരം പാടില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണം. നിസ്‌കരിക്കാം, എന്നല്ല നിസ്‌കരിക്കണം എന്ന് പറയുന്ന പണ്ഡിതന്മാരും ശാഫിഈ മദ്ഹബിലുണ്ട്. അവരുടെ ന്യായങ്ങള്‍ നാം മുകളില്‍ ഉദ്ധരിച്ചു. ഈ പണ്ഡിതരെ തഖ്‌ലീദ് ചെയ്ത് മയ്യിത്ത് നിസ്‌കരിക്കാവുന്നതാണ്. മയ്യിത്തിന്റെ അഹ്‌ലുകാരെ സമാധാനിപ്പിക്കാനും മയ്യിത്തിനെ നിസാരപ്പെടുത്താതിരിക്കാനും വേണ്ടി ഈ വിഭാഗത്തെ പിന്‍പറ്റി നിസ്‌കരിക്കേണ്ടതാണെന്നും പഠിപ്പിച്ചവര്‍ നമ്മുടെ ഇമാമുമാരിലുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.