
തിരുവനന്തപുരം: കൊവിഡ് സംബന്ധിച്ച് സംസ്ഥാനത്ത് മെയ് മൂന്നിനകം പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പ്രത്യേക സ്ഥിതി പരിഗണിച്ച് വിദഗ്ധരുമായി ആലോചിച്ച് ശേഷമായിരിക്കും തീരുമാനം കൈകൊള്ളുക.
അതേ സമയം കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍ പുതുക്കി നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഉള്ളത്. ഇടുക്കിയില്‍ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടുകളായത്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും മേലുകാവ് പഞ്ചായത്തും മലപ്പുറത്ത് കാലടി പഞ്ചായത്തും പാലക്കാട് ആലത്തൂര്‍ പഞ്ചായത്തുമാണ് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്.
പ്രവാസികളുടെ മടങ്ങിവരവിന് കേരളം സജ്ജമായിട്ടുണ്ട്. ഒരുക്കങ്ങള്‍ക്കായി സെക്രട്ടറി തല സമിതി രൂപീകരിച്ചു. ഇതിനായി എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷന്മാരായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളിലേയും പ്രതിനിധികള്‍ സമിതിയിലുണ്ടാകും.
വിമാനത്താവളങ്ങള്‍ക്ക് സമീപം താമസസൗകര്യം ഒരുക്കും. കപ്പല്‍ വഴി പ്രവാസികളെ കൊണ്ടുവരികയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സൗകര്യങ്ങള്‍ ഒരുക്കും. ഇത് കേന്ദ്രം തീരുമാനിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുറത്തിറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമാക്കണം. ക്വാറന്റൈന് കൂടുതല്‍ കര്‍ശനമാക്കണം. മഴ വന്നതോടെ പനി ബാധിതരുടെ വരവു തുടങ്ങിയിട്ടുണ്ട്. ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആശുപത്രികളില്‍ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. എന്ന് എല്ലാവരും മനസിലാക്കണം. ഇവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. സ്വകാര്യ ആശുപത്രികളിലും ഇതു കര്‍ശനമാക്കണം.
പലയിടത്തും തിരക്കുകള്‍ കൂടുന്നു. മാര്‍ക്കറ്റുകളിലും മറ്റും ആള്‍ക്കൂട്ടം സാമൂഹിക അകലം പാലിക്കുന്നില്ല. ഇതിനെതിരേ പൊലിസ് ശക്തമായി ഇടപണണം.