2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മക്കയിൽ ഇന്ത്യൻ അധികൃതരുടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് സംഘടനകൾ, ആകെ ആശ്രയം പ്രവാസ സന്നദ്ധ സംഘടനകൾ മാത്രം

     മക്ക: സഊദിയിൽ ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ച മക്കയിൽ സ്ഥിതി അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ. വൈറസ് ബാധയേൽക്കുകയോ ലക്ഷണങ്ങൾ കാണിക്കുകയോ ചെയുന്ന ഇന്ത്യക്കാരെ തിരിഞ്ഞു നോക്കാനാളില്ലാത്ത അവസ്ഥയാണിപ്പോൾ മക്കയിൽ. സഹായത്തിനായുണ്ടായിരുന്ന സന്നദ്ധ സംഘങ്ങൾക്കും ദിവസങ്ങൾ കഴിയുന്നതോടെ നില പരുങ്ങലിലാകുകയാണ്. ഇതേ തുടർന്ന് ഇന്ത്യക്കാരുടെ അവസ്ഥയിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മക്കയിൽ 21 സന്നദ്ധ സംഘടനകൾ രംഗത്തെത്തി. മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ജിദ്ദയിലെ കോൺസൽ ജനറൽ, റിയാദിലെ ഇന്ത്യൻ അംബാസിഡർ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി, ഇന്ത്യയിലെ  എം.പി മാർ എന്നിവർക്ക് നിവേദനം നൽകി. മക്കയിൽ ഇതിനകം 12,467 രോഗ ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ ഇതിനകം 144 രോഗികൾ മരണപ്പെട്ടതായാണ് കണക്കുകൾ. ജനസാന്ദ്രത വളരെ ഏറിയ ഈ മേഖലയിൽ മുഴു സമയ കർഫ്യു നിലവിലുള്ളതിനാൽ മലയാളികളടക്കം നിരവധി പേർ ഏറെ പ്രയാസത്തിലാണ് കഴിയുന്നത്.

     നിരവധി ഇന്ത്യക്കാർ മക്കയിലെ വിവിധ ആശുപത്രികളിലും, ക്വാറൻടൈൻ സെന്ററുകളിലും ചികിത്സയിലും, വിശ്രമത്തിലുമാണ്. പലരും ഇതിനോടകം തന്നെ മരണത്തിനു കീഴടങ്ങി. സമയത്തിന് ചികിത്സ കിട്ടാതെയും, 24 മണിക്കൂർ ലോക്ക് ഡൗണിൽ ഭക്ഷണം ലഭിക്കാതെയും, തൊഴിൽ നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും നിരവധി ഇന്ത്യക്കാർ ഇവിടെ ദുരിതമനുഭവിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും, മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും മറ്റു സഹായങ്ങളുമാണ് ഞങ്ങൾക്കു ഇതുവരെ തുണയായതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഈ അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ ഏതു കാലത്താണ് സഹായിക്കാൻ അധികൃതർ മുൻകൈയെടുക്കുകയെന്ന് ഇവർ ചോദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ട രീതിയിലുള്ള പരിചരണങ്ങളോ മറ്റു സഹായങ്ങളോ വളരെ പരിമിതമാണ്. എന്നാൽ, സഊദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള സേവനങ്ങൾ ഏറെ ശ്‌ളാഘനീയമാണ്. ഹജ്ജ് വേളയിൽ മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന സൗകര്യങ്ങൾ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിഗണിച്ചു സജ്ജീകരിക്കണമെന്ന ആവശ്യം വിവിധ മക്കയിലെ സന്നദ്ധ സംഘടനകളിൽ നിന്നും ഉയർന്നിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ ശക്തവും, ഫലപ്രദവുമായ  ഇടപെടലുകൾ ഉണ്ടാവണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. 

      ക്യാമ്പുകളിലും വീടുകളും കഴിയുന്ന ഇന്ത്യക്കാരായ രോഗികളെയും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക, ഹജ്ജ് കാലങ്ങളിൽ മക്കയിൽ സജ്ജീകരിക്കുന്ന ഏതാനും കെട്ടിടങ്ങൾ വാടകക്ക് എടുത്തു ക്വാറന്റൈൻ, ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുക, രോഗികളായവർക്കും ലക്ഷണങ്ങൾ കണ്ടവർക്കും ആവശ്യമായ ഭക്ഷണ സാധനങ്ങളും, മരുന്നുകളും എത്തിക്കാൻ വേണ്ട നടപടികൾ ഏർപ്പെടുത്തുക, വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് തിരിക്കാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്‌ത എല്ലാ ഇന്ത്യക്കാരെയും ഉടനടി തിരിച്ചയക്കുന്നതിനും, മുൻ‌ഗണന നൽകുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്തുക, ഇത് പെട്ടെന്ന് പൂർത്തീകരിക്കാൻ ജംബോ വിമാനങ്ങൾ പ്രവർത്തന സജ്ജമാക്കുക,. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടു വരുമാനം ഇല്ലാത്തവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക, മക്കയിൽ നിന്നും നാട്ടിൽ പോകാൻ അനുമതി ലഭിക്കുന്നവർക്കും അവരെ എയർപോർട്ടിൽ എത്തിക്കുന്നവർക്കും നിയമാനുസൃതം പോകുന്നതിനുള്ള യാത്ര പെർമിറ്റുകൾ നൽകുക, സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് നിയമപരമായ സഹായ സഹകരണങ്ങൾ നൽകുക, അതിനു വേണ്ടി ഒരു ലൈസൻ ഓഫീസ് അടിയന്തരമായി മക്കയിൽ ആരംഭിക്കുക, 24 മണിക്കൂർ ലോക്ക് ഡൌൺ മൂലം ജിദ്ദയിലേക്ക് യാത്രചെയ്യാൻ കഴിയാത്തതിനാൽ കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ പുതുക്കുന്നതിനായി മക്കയിലേക്ക് ഒരു പ്രേത്യേക കോൺസുലർ സന്ദർശനം ഷെഡ്യൂൾ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

     അബ്‌ദുൽ മുഹൈമിൻ (കെഎംസിസി), പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് (ഒഐസിസി), ഖലീൽ ചെമ്പയിൽ (ഇന്ത്യൻ ഫ്രറ്റെണിറ്റി), അബ്ദുൽ ഹകീം ആലപ്പുഴ (തനിമ), സയ്യിദ് ബദറുദ്ധീൻ ബുഖാരി (ഐസിഎഫ്), ടി.പി അഹമ്മദ് കുട്ടി (മക്ക ഹജ്ജ് വെൽഫെയർ ഫോറം), സൈനുദ്ധീൻ അൻവരി (സമസ്‌ത ഇസ്‌ലാമിക് സെന്റർ), അബ്ദുല്ല കോയ (ഇന്ത്യൻ സോഷ്യൽ ഫോറം), മുഹമ്മദ് അലി കാരക്കുന്ന് (ഇസ്‌ലാഹി സെന്റർ), നസീർ ഫൈസി (അജ്‌വ), ജാബിർ മെഹ്ബൂബ് (ഫോക്കസ്), യഹ്‌യ അസഫലി (കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ്), അൻവർ സിദ്ധീഖ് അത്തിമണ്ണിൽ (മക്ക ദഅവ സെന്റര്), ഹുസൈൻ കല്ലറ (ആശ്രയ തീരം), അഡ്വ. ഫാറൂഖ് മരിക്കാർ (പ്രവാസി സാംസ്‌കാരിക വേദി), നൗഷാദ് മാരിയാട് (ഐ എം സി സി), അനീസുൽ ഇസ്‌ലാം (യൂത്ത് ഇന്ത്യ), ഫാറൂഖ് അനീഫി (കർണാടക കൾച്ചറൽ ഫൗണ്ടേഷൻ), അമീർ മുഷ്‌താഖ്‌ അഹ്‌മദ് (മൽനാട് ഗൾഫ് അസോസിയേഷൻ), ശിഹാബ് കുറുകത്താണി (ആർ എസ് സി), ജാവേദ് മിയാൻദാദ് (ഹിദായ ഫൌണ്ടേഷൻ), ശമീൽ ചേന്ദമംഗല്ലൂർ എന്നിവർ നേതൃത്വത്തിലാണ് നിവേദനമാണ് നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.