മനുഷ്യന് പുരോഗതിയുടെ ഉത്തുംഗതയിലെത്തിയെന്ന് ഗീര്‍വാണം മുഴക്കുന്ന കാലത്ത് അവനെ അദൃശ്യമായി വേട്ടയാടുന്ന മരണത്തിന്റെ വ്യാപാരിയായി കൊവിഡ് രംഗപ്രവേശനം ചെയ്തു. രോഗം നമ്മെ വിഹ്വലപ്പെടുത്താന് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഏതാണ്ട് ഒരു വര്‍ഷത്തോടടുക്കുന്ന അവസ്ഥയില്‍ പകച്ചു നില്പ്പുകളേക്കാള് പ്രതിരോധത്തിന്റെ വഴികള്‍ തന്നെയാണ് നമുക്ക് ശരണമെന്നത് ആളുകള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ പ്രമുഖനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ ഈ മഹാമാരി അതിന്റെ വിളയാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ഇതിന്റെ ഇരകളായി. ഓരോ ദിവസവും മരണത്തിന്റെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ അഹങ്കാരവും മേനിപറച്ചിലുമെല്ലാം അത് തകര്‍ത്തു തരിപ്പണമാക്കി. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷാ ഭേദമില്ലാതെ ലോകത്ത് നടക്കുന്ന ഏക സമത്വദര്‍ശനം ഈ മരണവ്യാപാരിക്ക് മാത്രമാണുള്ളതെന്ന് പറഞ്ഞാല്‍ അതും സത്യമല്ലാതല്ല.
ലോകത്തിന്റെ എല്ലാ ക്രമങ്ങളും കീഴ്മേല്‍ മറിച്ചു എന്നതാണ് കൊവിഡിന്റെ മറ്റൊരു പ്രത്യേകത. കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും എന്തിന് വിശ്വാസങ്ങളെപ്പോലും അത് മാറ്റിമറിച്ചു. ഒരര്‍ഥത്തില്‍ ഇക്കാലത്തെ ശാസ്ത്ര, സാങ്കേതിക രംഗത്തെ വികാസം നമ്മുടെ ഒറ്റപ്പെടലുകള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. പണ്ടത്തെ മഹാമാരിക്കാലം മനുഷ്യന് ശാരീരിക ദുരിതങ്ങള്‍ മാത്രമല്ല ഭയാനകമായ വേദനകളും ഒറ്റപ്പെടലും നല്‍കിയിരുന്നു. ഇന്ന് ക്വാറന്റൈനില്‍ കിടന്നാലും നമുക്ക് മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താന്‍ കഴിയും. ലോക ജനതക്ക് നിരവധി പാഠങ്ങള്‍ ഈ മഹാമാരി നല്കുമ്പോഴും അതില്‍ നിന്നു അതിജീവനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ദുഃഖകരമായ ഒരു സത്യം പറയാതെ വയ്യ. ഈ ഭീതിദമായ സാഹചര്യത്തെപ്പോലും പുതിയ ചൂഷണത്തിന്റെ മാര്‍ഗമാക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആഗോള മുതലാളിത്വത്തിന്റെ കച്ചവടക്കണ്ണുകള് ആ വഴിക്കല്ലാതെ മറ്റെവിടെപ്പോകാനാണ്. വാക്സിന് പരീക്ഷണങ്ങളുടെ ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അത്തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ലോകത്തെ ഗ്രസിച്ച ഈ ദുരന്തത്തിന് ഒരറുതിയെന്നതില് കവിഞ്ഞ് വാക്സിന് ആദ്യം കണ്ടെത്തി വില്‍പ്പന നടത്താനുള്ള ആക്രാന്തത്തിലാണ് ചിലര്‍. തങ്ങളുടെ രാഷ്ട്രീയമായ നിലനില്‍പ്പിനു വേണ്ടി ഈ മഹാമാരിയെ ഉപയോഗിക്കുന്നവരുണ്ട്. കണക്കുകള്‍ മറച്ചുവച്ചും തങ്ങളുടെ പാളിച്ചകള്‍ ഒളിപ്പിച്ചും ലോകത്തിന്റെ കണ്ണില്‍ പൊടിയിടുന്ന മറ്റു ചിലര്‍. തങ്ങളുടെ ശത്രുക്കള്‍ക്കെതിരേ ലബോറട്ടറികളില്നിന്നു പടച്ചുവിട്ട ജൈവായുധമാണിതെന്നുവരേയുള്ള വാര്‍ത്തകളും പുറത്തു വന്നു. എങ്ങനെ വ്യാഖ്യാനിച്ചാലും കൊവിഡ് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് മുന്നേറുകയാണ്. ഫലപ്രദമായ വാക്സിനുകള്‍ ലോകത്ത് തെളിയിക്കപ്പെടാത്ത കാലത്തോളം രോഗപ്രതിരോധമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതിന് ആരെയും മാറ്റിനിര്‍ത്തേണ്ടതില്ല. ആയുസിന്റെ വേദമായ ആയുര്‍വേദവും ഹോമിയോയും യൂനാനിയുമെല്ലാം തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്കായി പങ്കുവയ്ക്കട്ടെ. കൊവിഡ് പോസിറ്റീവായവര്‍ക്ക് അലോപ്പതിക്കാര് നല്കുന്ന മരുന്നുകള്‍ എന്തൊക്കെയാണെന്ന് നമുക്കറിയാം. മറ്റ് ചികിത്സാ മേഖലകളെ കൊച്ചാക്കാനോ തള്ളിപ്പറയാനോ ഉള്ള സമയമല്ലിത്. പ്രത്യേകിച്ചും സൈഡ് ഇഫക്റ്റുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത ചികിത്സാ സംവിധാനങ്ങളെ ഈ പ്രതിരോധപ്പോരാട്ടത്തില് ഉപയോഗപ്പെടുത്തുന്നതില്‍ അമാന്തം കാണിക്കേണ്ടതില്ല. അതത് മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെ സര്‍ക്കാരും ഇക്കാര്യത്തില്‍ താല്പര്യവും ജാഗ്രതയും കാണിക്കണം.
മനുഷ്യന് എത്രമാത്രം ദുര്‍ബലനാണെന്ന് ഓരോദിവസത്തെയും കൊവിഡ് വാര്‍ത്തകള്‍ നമ്മളോട് പറഞ്ഞുതരുന്നു. ഈ ദുര്‍ബലത നിസ്സഹായതയിലേക്ക് പോകാതെനോക്കണം. ഒന്നിച്ചുള്ള പോരാട്ടവും നിശ്ചയദാര്‍ഢ്യവും ഏത് പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിക്കും എന്ന പാഠം നമുക്ക് ചരിത്രം പഠിപ്പിച്ചു തരുന്നുണ്ട്. ലോകവും സമൂഹവും നാടും ഒന്നിച്ചു നിന്നാല്‍ ഈ ആതുര നാളുകളില്‍നിന്ന് മുക്തമാകാമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുമ്പോള്‍ എനിക്കും അതു തന്നെയാണ് മുന്നോട്ടുവയ്ക്കാനുള്ളത്. ഇത് നമ്മുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ നാളുകളാണ്. സ്വയം പ്രതിരോധത്തിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ആരോഗ്യകരമായ നാളുകളിലേക്ക് സഞ്ചരിക്കാം.