
വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 4591 പേര്. വ്യാഴാഴ്ച്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല പുറത്തുവിട്ടത്.
ലോകത്ത് ഒരു രാജ്യത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34000 കടന്നു. 6.76 ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയും ന്യൂജേഴ്സിയും കണക്ടിക്കട്ടും ചേര്‍ന്ന മേഖലയാണ് യു.എസിലെ വൈറസ് പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം 2,26000 ത്തോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയില്‍ രോഗബാധിരുടെ എണ്ണം 75,317 ആയി വര്‍ധിച്ചു. 3,518 പേരാണ് ഇവിടെ മരിച്ചത്.
യു.എസ് സെന്റ്ര് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്റെ ഏപ്രില്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം യു.എസില്‍ രോഗം ബാധിച്ചവരില്‍ 4 ശതമാനവും ഏഷ്യന്‍ വംശജരും മൂന്നിലൊന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും യു.എസിനേക്കാള്‍ ബഹുദൂരം പിന്നിലാണ് മറ്റു രാജ്യങ്ങള്‍.
അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുമ്പോഴും അമേരിക്ക തിരിച്ചുവരികയാണെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും അമേരിക്കന്‍ വിപണി വേഗംതന്നെ തുറക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ അവകാശവാദം.