2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്- 19 പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു; ബരാക് ഒബാമ

പി.പി ചെറിയാന്‍

 

വാഷിങ്ടണ്‍: കൊവിഡ്- 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയപ്പോള്‍ 25 കാരനായ അഹമ്മദ് അര്‍ബറിയെ വെടിവച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അര്‍ബെറിയെ കൊലപ്പെടുത്തിയത്.

കൊവിഡ് പോലൊരു രോഗം കറുത്ത വംശജര്‍ ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടി വന്ന അസമത്വങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുവെന്ന് ഒബാമ അഭിപ്രായപ്പെട്ടു.

”ഞങ്ങളുടെ കമ്മ്യൂണിറ്റികളില്‍ കൊവിഡ്- 19 വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വംശജന്‍ ജോഗിങ്ങിന് പോകുമ്പോള്‍ ചില ആളുകള്‍ക്ക് അവരെ തടയണമെന്ന് തോന്നിയാല്‍ ഉടന്‍ അത് ചെയ്യാം. അവര്‍ക്ക് ഞങ്ങളെ നിര്‍ത്താനും ചോദ്യം ചെയ്യാനും വെടിവയ്ക്കാനും പറ്റുമെന്ന് തോന്നുന്നു”- ഒബാമ പറഞ്ഞു. അര്‍ബറിയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഒബാമയുടെ പ്രതികരണം.

അമേരിക്കയില്‍ ഇപ്പോള്‍ നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിയേയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല- ഒബാമ പറഞ്ഞു.

ശനിയാഴ്ച ഒരു വെര്‍ച്ച്വല്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴായിരുന്നു നിര്‍ണായകമായ പ്രതികരണങ്ങളുമായി ഒബാമ രംഗത്ത് എത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.