2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുറ്റക്കാരനെന്ന് കണ്ടെത്തല്‍, രണ്ടുവര്‍ഷം തടവ്; രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് എന്തുസംഭവിക്കും?

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, സാങ്കേതികമായി രാഹുല്‍ ഗാന്ധി ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിലേക്ക് സൂറത്ത് കോടതിയുടെ ഉത്തരവ് എത്തുന്നതോടെ ഇക്കാര്യത്തില്‍ ഒരു വിജ്ഞാപനം പുറത്തിറങ്ങിയേക്കും.

കോടതിവിധിക്കും കുറ്റക്കാരനെന്ന കണ്ടെത്തലിനും ശിക്ഷയ്ക്കും കോടതിയുടെ സ്‌റ്റേ ലഭിച്ചാല്‍ മാത്രമേ രാഹുലിന് ഈ കേസില്‍ ആശ്വാസം ലഭിക്കുകയുള്ളൂ. ജില്ലാ കോടതിയോ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇങ്ങനെ മേല്‍ക്കോടതികള്‍ ഏതെങ്കിലും ഒന്നില്‍നിന്ന് രാഹുലിന് അനുകൂല വിധി ലഭിച്ചാല്‍ മാത്രമേ അയോഗ്യത ഒഴിവാക്കപ്പെടുകയുള്ളൂ. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസില്‍ ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സി.ജെ.എം. കോടതിക്ക് തൊട്ടുമുകളിലുള്ള ജില്ലാ കോടതി കുറ്റക്കാരനെന്ന കണ്ടെത്തലും ശിക്ഷയും സ്‌റ്റേ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രാഹുലിന് ആശ്വസിക്കാം. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ശിക്ഷയും അതിനു ശേഷമുള്ള ആറുകൊല്ലത്തെ അയോഗ്യതയും രാഹുലിന് ലഭിച്ചേക്കും.

അങ്ങനെയെങ്കില്‍ എട്ടുകൊല്ലം രാഹുലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെവരും.കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ടുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ആ നിമിഷം മുതല്‍ അയോഗ്യത നിലവില്‍ വരുമെന്നാണ് 2013ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് 2013ല്‍ രാഹുല്‍ ഗാന്ധി തടയിട്ടിരുന്നു. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെടുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ, 2013ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയാകുകയാണ്. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് അപ്പീലിന് പോകാന്‍ മൂന്നു മാസം വരെ സമയം അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(4) ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ എ.കെ പട്‌നായിക്, എസ്.ജെ മുഖോപാദ്ധ്യായ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വിധിച്ചു.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിനു പിന്നാലെ ജനപ്രതിനിധികള്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്താനാവില്ലെന്ന ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍, 2013 ഓഗസ്റ്റ് 30ന് അന്നത്തെ നിയമമന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ വിധിവരാന്‍ ദിവസങ്ങള്‍ ശേഷിക്കെ, സെപ്റ്റംബര്‍ 24ന് ഭേദഗതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രം പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സും കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. അന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി, ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനെ എതിര്‍ത്തു. ഡല്‍ഹി പ്രസ് ക്ലബില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ കയറിവന്ന രാഹുല്‍, മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ഓര്‍ഡിനന്‍സ് കീറിയെറിയുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.