ബംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവിലിലേക്കും സര്‍വിസുകള്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയും കൊറിയര്‍ സര്‍വിസ് തുടങ്ങി.16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തേക്കും കൊറിയര്‍/പാഴ്‌സല്‍ സര്‍വിസ് വഴി സാധനങ്ങളെത്തിക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ കേരളത്തിന് പുറമേ ബംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വിസുകള്‍ ലഭ്യമാകും. പൊതുഗതാഗത സംവിധാനത്തിനപ്പുറം മറ്റു സേവനങ്ങളിലേക്ക് കൂടി വ്യാപിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആദ്യം കേരളത്തിലെ 55 ഡിപ്പോകളെ പരസ്പരം ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വിസ് ആരംഭിക്കുന്നത്.
പിന്നീട് ഡിപ്പോകളുടെ എണ്ണം വര്‍ധിപ്പിക്കും. തുടക്കത്തില്‍ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്ക് കൊറിയറുകള്‍ അയയ്ക്കും. കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയറുകള്‍ എത്തിക്കും.
കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിലാണ് കൊറിയര്‍ സര്‍വിസ് സംവിധാനത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൊറിയര്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഡിപ്പോയുടെ ഫ്രണ്ട് ഓഫിസില്‍ എത്തിയ്ക്കാം. അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും അഡ്രസും ഫോണ്‍ നമ്പറും നല്‍കണം. നഗരങ്ങളിലും ദേശീയ പാതക്ക് സമീപത്തായും പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലെ കൊറിയര്‍ സര്‍വിസ് 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. മറ്റ് ഡിപ്പോകളിലെ സെന്ററുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിയ്ക്കും.
കൊറിയര്‍ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ കൃത്യമായി മെസേജായി എത്തിച്ചേരും. സ്വീകര്‍ത്താവ് ഡിപ്പോയിലേക്ക് നേരിട്ടെത്തണം. ഐ.ഡി കാര്‍ഡ് കൊണ്ടു വരണം. ഐ.ഡി വെരിഫൈ ചെയ്താണ് സാധനം കൈമാറുക. മൂന്ന് ദിവസത്തിനകം കൊറിയര്‍ കൈപ്പറ്റണം. അല്ലാത്ത പക്ഷം പിഴ ഈടാക്കും. തിരുവനന്തപുരത്തുനിന്ന് എറണാകുളം ഡിപ്പോയിലേക്ക് ആറുമണിക്കൂറിനകവും തൃശൂരിലേക്ക് എട്ടുമണിക്കൂറിനകവും കൊറിയര്‍ എത്തിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയും കൊറിയര്‍ സര്‍വിസ് ആന്റ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ആഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Comments are closed for this post.