2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ട്രെയിന്‍ വൈകിയത് മൂലം കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; റെയില്‍വെക്ക് 60,000 രൂപ പിഴ

ട്രെയിന്‍ വൈകിയത് മൂലം കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; റെയില്‍വെക്ക് 60,000 രൂപ പിഴ

എറണാകുളം: ട്രെയിന്‍ വൈകിയത് മൂലം കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെയോട് ഉത്തരവിട്ട് എറണാകുളം ജില്ല ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷന്‍. ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയത് മൂലം അസൗകര്യമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ബോഷ് ഇന്ത്യ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ദക്ഷിണ റെയില്‍വെയോട് കമ്മീഷന്‍ ഉത്തരവിട്ടത്.

ചെന്നൈയില്‍ വെച്ച് നടന്ന കമ്പനിയുടെ ഉന്നത തല യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് കാര്‍ത്തിക് മോഹന്‍ ആലപ്പുഴ- ചെെൈന്ന എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിന്‍ കയറുന്നതിനായി എറണാകുളം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകുമെന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തത്തിനാല്‍ ഇദ്ദേഹത്തിന് അന്നത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതുമില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിരവധി യാത്രക്കാരെയും, നീറ്റ് പരീക്ഷയടക്കം എഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ഥികളെയും റെയില്‍വെ മുന്നറിയിപ്പില്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നാണ് പരാതി. റെയില്‍വെയുടെ നിരുത്തരവാദപരമായ സമീപനം തനിക്ക് സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.

   

എന്നാല്‍ യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നുമായിരുന്നു റെയില്‍വെയുടെ വിശദീകരണം. എന്നാല്‍ ഈ വാദം കമ്മീഷന്‍ തള്ളി.

ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയത്. ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായി കമ്മിഷന്‍ കണ്ടെത്തി. യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും കമ്മീഷന്‍ വിലയിരുത്തി. യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് സേവനത്തില്‍ വീഴ്ച്ച വരുത്തിയ സതേണ്‍ റെയില്‍വെ യാത്രക്കാരന് അന്‍പതിനായിരം രൂപയും, പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.