2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അടച്ചിട്ട സംസ്ഥാനങ്ങള്‍ മൂന്നുഘട്ടമായി തുറക്കാമെന്ന് ട്രംപ്; അമേരിക്കയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: കൊവിഡ് രോഗികളുടെ കാര്യത്തില്‍ യു.എസ് പ്രതിസന്ധിഘട്ടം പിന്നിട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിപണികള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു.

ലോക്ഡൗണ്‍ ലഘൂകരിക്കാനുള്ള മൂന്നുഘട്ടങ്ങളായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിപണി തുറക്കാനുള്ള അന്തിമ തീരുമാനം ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വിട്ടുനല്‍കി.

വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്ക തുറന്നിടാനും അമേരിക്കക്കാര്‍ തുറന്നുവരാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ അടച്ചുപൂട്ടല്‍ ഒരു സുസ്ഥിരമായ ദീര്‍ഘകാല പരിഹാരമല്ല. നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പൊതുജനാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ‘ശാരീരികവും മാനസികവുമായ’ പ്രശ്‌നങ്ങള്‍ എന്നിവ കുത്തനെ ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യമുള്ള പൗരന്മാര്‍ക്ക് ‘വ്യവസ്ഥകള്‍ അനുവദിക്കുന്നതിനനുസരിച്ച്’ ജോലിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനും ആരോഗ്യമില്ലെങ്കില്‍ വീട്ടില്‍ തുടരുന്നതിനും അമേരിക്കക്കാരെ തുടര്‍ന്നും ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഘട്ടമായി രാജ്യത്തെ വിപണി തുറക്കാനാണ് ട്രംപിന്‍റെ പദ്ധതി. ഇതില്‍ ആദ്യഘട്ടത്തില്‍ ആവശ്യമില്ലാത്ത യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കുമെങ്കിലും ശാരീരിക അകലം കര്‍ശനമായി പാലിച്ച് ഭക്ഷണ ശാലകള്‍, ആരാധനാലയങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. രണ്ടാംഘട്ടത്തില്‍ എല്ലാ യാത്രകളും, സ്കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തില്‍ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.