2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ വൈറസ് തീവ്ര വംശീയവാദികള്‍ ജൈവായുധമായി ഭാവിയിലേക്ക് കരുതി വെയ്ക്കുമോ ?

നവ നാസികളും വെളുത്ത വംശീയവാദികളുമടങ്ങുന്ന യൂറോപ്പിലെ തീവ്ര വംശീയ സംഘടനകള്‍ കൊറോണ രോഗബാധിതരായ അണികള്‍ക്ക് രോഗം ജൂതരിലേക്കും പോലീസുകാരിലേക്കും വ്യാപിപ്പിക്കാന്‍ പ്രചോദനം നല്‍കുന്നതായി എഫ്.ബി.ഐ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അനീസ് ടി.എ കമ്പളക്കാട്

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കോവിഡ്19 എന്ന് രേഖപ്പെടുത്തിയ ജാറുമായി വ്യാപാരസ്ഥാപനത്തിലെത്തിയ ഡേവിഡ് റാന്‍ഡോള്‍ഫ് വൈറ്റ് എന്ന അന്‍പതുകാരനെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. കയ്യിലെ ജാറില്‍ കോവിഡ്19 രോഗാണുക്കള്‍ അടങ്ങിയ സ്രവമാണെന്ന് അവകാശപ്പെട്ട ഇയാള്‍ അത് വ്യാപാരസ്ഥാപനങ്ങളില്‍ തളിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ക്കെതിരെ, മാരകായുധത്തിന്റെ നിര്‍മാണം, കൈവശം വെക്കല്‍, പ്രദര്‍ശനം, അതുപയോഗിക്കാനുള്ള ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിട്ടുള്ളത്. കുറ്റം തെളിയുകയാണെങ്കില്‍ മുപ്പത് വര്‍ഷം വരെ തടവും പതിനയ്യായിരം ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഇതിനിടെ, നവ നാസികളും വെളുത്ത വംശീയവാദികളുമടങ്ങുന്ന യൂറോപ്പിലെ തീവ്ര വംശീയ സംഘടനകള്‍ കൊറോണ രോഗബാധിതരായ അണികള്‍ക്ക് രോഗം ജൂതരിലേക്കും പോലീസുകാരിലേക്കും വ്യാപിപ്പിക്കാന്‍ പ്രചോദനം നല്‍കുന്നതായി എഫ്.ബി.ഐ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകമൊന്നടങ്കം കോവിഡ് 19 സംക്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ വൈറസിനെ ജൈവായുധമായി ഉപയോഗപ്പെടുത്തിയേക്കാം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

‘തീവ്ര സംഘടനകളിലെ അംഗങ്ങള്‍ പരസ്പരം സമ്പര്‍ക്കത്തിലൂടെയും ശരീരസ്രവങ്ങള്‍ വഴിയും രോഗം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ എഫ്.ബി.ഐയുടെ ന്യൂയോര്‍ക്ക് ഓഫീസ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. രോഗമുള്ളവരുടെ ശാരീരിക സ്രവങ്ങള്‍ ബോട്ടിലുകളില്‍ ശേഖരിച്ച് കൃത്യനിര്‍വഹണത്തിലുള്ള ക്രമസമാധാന പാലകരുടെ ദേഹത്ത് തളിക്കാനും ജൂതര്‍ സംഘടിക്കുന്ന ഇടങ്ങളിലേക്ക് നുഴഞ്ഞ് കയറാനുമാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപകമായ പരാതികളും ചര്‍ച്ചകളും ഉയര്‍ന്നുവന്നെങ്കിലും ന്യൂയോര്‍ക് ഘടകത്തിന്റെ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയാന്‍ എഫ്.ബി.ഐ തയ്യാറായിട്ടില്ല. പ്രാദേശികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക് ഓഫീസ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും വ്യാപകമായി അത്തരമൊരു ഭീഷണി നിലനില്‍ക്കുന്നില്ലെന്നുമാണ് എഫ്.ബി.ഐ പിന്നീട് പ്രതികരിച്ചത്.

തീവ്ര വെളുത്തവംശീയ സ്വഭാവമുള്ള മെസേജ് ഗ്രൂപ്പുകളില്‍ ആഴ്ചകളായി കൊറോണയുടെ ഉത്തരവാദികളായി ജൂതരെയും ജൂതനേതാക്കളെയും ചിത്രീകരിക്കുന്ന മെസേജുകള്‍ പ്രചരിച്ചിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്, ന്യൂജഴ്‌സി, കാലിഫോര്‍ണിയ പോലുള്ള നഗരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കരുതല്‍ നടപടിയുടെ ഭാഗമായി നിര്‍ത്തലാക്കിയതിനെതിരെയും വലിയ വിമര്‍ശനമാണ് ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുള്ളത്.

വംശീയസ്വഭാവമുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് അമേരിക്കയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വാക്‌സിന്‍ വ്യാപാരരംഗത്ത് ലാഭം കൊയ്യുന്നതിനായി ജൂതന്മാര്‍ കൃത്രിമമായി നിര്‍മിച്ചതാണ് ഈ വൈറസെന്നും അവരാണ് ഈ വൈറസ് വ്യാപനത്തിന് പിന്നിലെന്നുമുള്ള സിദ്ധാന്തമാണ് ഏറെ പ്രചാരം നേടിയത്. ഈ കോണ്‍സ്പിറസി തിയറികളുടെ അടിസ്ഥാനത്തിലാണ് ജൂതര്‍ക്ക് രോഗം പകരുക എന്നതടക്കമുള്ള പ്രതികാര നടപടികള്‍ക്ക് വെളുത്ത വംശീയ സംഘങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ABC News

White supremacists encouraging their members to spread coronavirus to cops, Jews, FBI says

FLORIDA MAN ARRESTED AFTER ALLEGEDLY SPRAYING SUBSTANCE ON BUSINESS DOORS, TELLING PATRONS THEY WERE NOW INFECTED WITH CORONAVIRUS


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.