2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊറോണ: സംസ്ഥാനത്ത് ജാഗ്രത; ചൈനയില്‍ നിന്നെത്തിയ 288 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത. ചൈനയില്‍ നിന്നെത്തിയ 288 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 7 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്.

ഇതില്‍ രോഗം സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകള്‍ പൂനെ ലാബിലേക്ക് അയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

   

ഇമിഗ്രേഷന്‍് കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്‌ക് തുറന്നു. തെര്‍മല്‍ ക്യാമറകളും സജ്ജമാക്കി. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്‌കുകളും നല്കുകയും ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്‌വാന്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്നു പോകുമെങ്കിലും കടുത്തുകഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കൊറോണയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ-1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.