2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഇറ്റലിയില്‍ മലയാളികള്‍ കേഴുന്നു; ഞങ്ങളുടെ ജീവന്‍ രക്ഷിക്കാമോ…

ഗിരീഷ് കെ. നായര്‍

 

‘സാര്‍, ഞങ്ങളെല്ലാം പേടിച്ചിരിക്കുകയാണ്. ഇവിടെ കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ഞങ്ങള്‍ ജീവിച്ചിരിക്കുമോ എന്നു ഭയപ്പെടുന്നു. ഞങ്ങള്‍ക്ക് നാട്ടില്‍ ബന്ധുക്കളുടെ അടുത്ത് എത്താന്‍ അതിയായ ആഗ്രഹമുണ്ട്. മരിക്കുന്നെങ്കില്‍ അത് നാട്ടിലാവണം.

ഞങ്ങളെല്ലാം നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുകയാണ്. കേരള സര്‍ക്കാരിലോ കേന്ദ്ര സര്‍ക്കാരിലോ ഈ വിവരം ഒന്നു പങ്കുവയ്ക്കണേ… മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ ഒരു സംഘത്തെ ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അയക്കണമെന്ന് കേണപേക്ഷിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെക്കിടന്നു മരിച്ചുപോകും..’

വിറയാര്‍ന്ന സ്വരത്തില്‍ മറുതലയ്ക്കല്‍ വാക്കുകള്‍ മുറിയുന്നു. 22 വര്‍ഷമായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ മല്യാന മേഖലയില്‍ ഡിസേബിള്‍സ് കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ സോഷ്യല്‍വര്‍ക്കറായ ഡെന്നി ചെര്‍പ്പണത്തിലിന്റെ വാക്കുകള്‍ ഇറ്റലിയിലെ മലയാളി സമൂഹത്തിന്റേതാണ്.

ഇറ്റലിയില്‍ അനുദിനം മരണസംഖ്യ ഏറുന്നു. റോമില്‍ ഇതുവരെ 30 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മൂന്നു മരണങ്ങള്‍. ചൈന കഴിഞ്ഞാല്‍ കൊവിഡ് മരണതാണ്ഡവമാടുന്നതിവിടെയാണ്. നിലവില്‍ 640 പേര്‍ മരിച്ചു. 90 ശതമാനവും പ്രായമുള്ളവര്‍. അഞ്ച് ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇറ്റലിയുടെ ആരോഗ്യരംഗം ശോചനീയമാണ്. സാംക്രമിക രോഗങ്ങള്‍ നേരിട്ടിട്ടില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കേണ്ടതറിയില്ല. മാസ്‌കുകളോ സാനിറ്റൈസറോ ലഭ്യമല്ല. വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റോഡില്‍ വന്‍ നിരയാണുള്ളത്. ഓരോരുത്തരെയാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.

സാധനങ്ങള്‍ കിട്ടാന്‍ പ്രയാസം. മരിക്കുന്നതിനു മുന്‍പ് ബന്ധുക്കളെ കാണണമെന്നാഗ്രഹമുണ്ട്.’ ഡെന്നിയുടെ വാക്കുകള്‍ മലയാളിയെ നൊമ്പരപ്പെടുത്തുന്നതാണ്. ഡെന്നി ഏപ്രില്‍ അഞ്ചിന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്തിരുന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയുടെ ഫ്‌ളൈറ്റിനുശേഷം ചെക്ക് ഇന്‍ കഴിഞ്ഞ് ഉള്ളിലെത്തിയ മലയാളികളെ എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍നിന്ന് ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ എത്തിയ 30 പേരും ഇന്നലെ യാത്ര മുടങ്ങിയ 30 പേരും മിലാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതില്‍ ഗര്‍ഭിണികളും കുഞ്ഞുങ്ങളും അടിയന്തിര ഓപറേഷന്‍ ആവശ്യമുള്ളവരുമുണ്ട്. വിമാനക്കമ്പനികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. അതു നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിനു കഴിയുന്നില്ല. അവര്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഡെന്നി പറയുന്നു.

ഇറ്റലിയില്‍ മോദന, മിലാന്‍ എന്നിവിടങ്ങളിലാണ് 80 ശതമാനം മരണവും. ലംബോര്‍ഗിയയിലെ ലോധിയിലെത്തിയ ചൈനക്കാരാണ് രോഗം ഇറ്റലിയില്‍ എത്തിച്ചത്. ഒമ്പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് 150ഓളം ചെറുപ്പക്കാര്‍ മറ്റ് നഗരങ്ങളിലേക്ക് കടന്നു. ഇത് രോഗവ്യാപനത്തിന് കാരണമായെന്ന് ഡെന്നി അവിടുത്തെ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരിക്കുന്നു.

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ സെന്ററിനു സമീപം അന്നമനടയാണ് ഡെന്നിയുടെ സ്വദേശം. മാതാവ് മാത്രമാണ് വീട്ടില്‍. ഭാര്യ കൂനമ്മാവില്‍ ടീച്ചര്‍. എന്‍ജിനീയറിങിനു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.