2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കൊറോണ വൈറസ് ലാത്തിവീശിയാല്‍ ഓടില്ല


 

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൊലിസിന് നല്‍കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പൊലിസിന് നല്‍കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുകയാണ്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനം പാളിയതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു വകുപ്പുകളില്‍ നിന്നും ജനങ്ങളില്‍ നിന്നും തുടക്കത്തില്‍ സഹായം ലഭിച്ചുവെങ്കിലും പിന്നീട് നമ്മുടെ ഭാഗത്ത് അലംഭാവമുണ്ടായിയെന്ന് കഴിഞ്ഞദിവസം രാവിലെ പറഞ്ഞ മുഖ്യമന്ത്രി ജാഗ്രതക്കുറവിന്റെ പ്രധാന കാരണം അത്തരമൊരു ജാഗ്രതയുടെ ആവശ്യമില്ലെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതിനാലാണെന്ന് വൈകിട്ട് വ്യക്തമാക്കുകയായിരുന്നു. ചില കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് തങ്ങളെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മകളിലൂടെ തെറ്റായ സന്ദേശം നല്‍കിയതിനാലാണ് കൊവിഡ് പ്രതിരോധം തകര്‍ന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചിലര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ശാരീരികഅകലവും മറ്റു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ല. ഇതിന്റെ ഫലമായി മൊത്തത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഇതാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പരാജയമായി മുഖ്യമന്ത്രി ആരോപിക്കുന്നത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം നിരാകരിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നും അക്കമിട്ടുനിരത്തുന്നു. ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നാട്ടില്‍ കൊവിഡ് നിശബ്ദമായി പടരുകയായിരുന്നു. ഇതാണ് കൊവിഡ് വ്യാപനത്തിന് മുഖ്യകാരണമെന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍തോറും പരിശോധന നടത്തുക, ടെസ്റ്റുകള്‍ നടത്തുന്ന ദിവസംതന്നെ റിപ്പോര്‍ട്ട് ലഭ്യമാക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുക തുടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കേരള ഗവ. മെഡിക്കല്‍ അസോസിയേഷന്റെയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.

കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ആയിരം കടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനം പരാജയപ്പെട്ടത്. അല്ലാതെ പ്രതിപക്ഷത്തിന്റെ നിസഹകരണം കാരണമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

ഈ പ്രതിസന്ധി തരണംചെയ്യാനാണ് പ്രതിരോധപ്രവര്‍ത്തനം പൊലിസിനെ ഏല്‍പ്പിച്ചതെങ്കില്‍ നേര്‍ വിപരീതഫലമായിരിക്കും വരാന്‍പോകുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കുമെന്നാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐ.ജി വിജയ് സാക്കറെ പറയുന്നത്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്ത രോഗികളും പെരുകുന്നത് ലോക്ക്ഡൗണ്‍ കര്‍ശനമാക്കാത്തത് കൊണ്ടാണോ? ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതുപോലെ പരിശോധനകള്‍ വ്യാപകമാക്കുകയും പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കുകയുമാണ് വേണ്ടത്.

കൊവിഡിന്റെ അനിയന്ത്രിതമായ വ്യാപനം ക്രമസമാധാനപ്രശ്‌നമല്ല. ആരോഗ്യരംഗത്ത് പരിശീലനം ലഭിച്ച വിദഗ്ധര്‍ നിര്‍വഹിക്കേണ്ട കാര്യമാണത്. പൊലിസിന് കിട്ടിയ പരിശീലനം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായുള്ളതാണ്. കൊവിഡ് വ്യാപനം ലാത്തിയെടുത്താല്‍ തടയാനാവില്ല. ഈ ജോലി പൊലിസിനെ ഏല്‍പ്പിച്ചതിലൂടെ ധാരാളം അനര്‍ഥങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. പൊലിസിന് കിട്ടുന്ന അമിതാധികാരം പൊലിസ് രാജിന് ഇടയാക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക, പോസിറ്റീവ് ആകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലിസിന് നല്‍കുന്നത് പൊലിസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇടവരുത്താനുള്ള സാധ്യത ഏറെയാണ്. കൊവിഡിനെ ഭയപ്പെട്ട് ജീവിക്കുന്നവര്‍ക്ക് പൊലിസിനെയും ഭയപ്പെടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക. മാത്രമല്ല, ഇപ്പോള്‍തന്നെ എടുത്താല്‍പൊങ്ങാത്ത ജോലിഭാരം പൊലിസിനുണ്ട്. വേണ്ടത്ര പരിശീലനം ലഭിക്കാതെ പ്രതിരോധപ്രവര്‍ത്തനത്തിനിറങ്ങുന്ന പൊലിസിന് കൊവിഡ് ഭീതിയോടെ മാത്രമേ ജോലി ചെയ്യാനാകൂ. ഓരോ വിഭാഗത്തിനും അവരുടേതായ തൊഴില്‍മേഖലകളുണ്ട്. അതില്‍ അവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.