2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘സഹകരണം’, ദയനീയം

16,256 സഹകരണ സംഘങ്ങൾ, 1.1 ലക്ഷം ജീവനക്കാർ,84,875 കോടിയുടെ നിക്ഷേപം; മറ്റു ബാങ്കുകളിലുള്ള നിക്ഷേപത്തിൻ്റെ 40.51 % – കേരളത്തിൻ്റെ മികവായി സഹകരണമേഖലയെ എടുത്തുകാട്ടാൻ പലരും മത്സരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ അടിമുടി ചോദ്യം ചെയ്യുന്നതാണ്.


സംസ്ഥാന സഹകരണമേഖലയിലെ പണം കുത്തകകൾക്ക് പ്രിയപ്പെട്ടതാണെന്നും അതിനാൽ അന്വേഷണ ഏജൻസികളെ കയറൂരി വിട്ടു രാഷ്ട്രീയനേതാക്കളെ തകർക്കാൻ നോക്കുന്നു എന്നൊക്കെയുള്ള അഴകൊഴമ്പൻ വാദങ്ങളെ വെറുതെവിടുക. പാർട്ടി എന്നു പറഞ്ഞ് എല്ലാ അന്വേഷണങ്ങൾക്കുമേലും കൊടി പറപ്പിച്ച് രക്ഷപ്പെടാമെന്നാണോ? പാവപ്പെട്ടവർക്കൊപ്പമെന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമുണ്ടാകില്ല. കൃത്യമായ നടപടികളാണ് വേണ്ടത്. സി.പി.എം പാർട്ടിതലത്തിൽ നിയോഗിച്ച അന്വേഷണ കമ്മിഷൻ്റെ വിലയിരുത്തലിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടെന്നാണ് വിവരം.

എന്നാൽ റിപ്പോർട്ടു പാർട്ടി മുക്കി. 300 കോടിയോളം രൂപയുടെ തിരിമറി നടന്നതായി എല്ലാവരും സമ്മതിക്കുന്നു. ഇതിൽ ജനപ്രതിനിധികൾ അടക്കം ഉന്നതനേതാക്കൾക്കും ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
സി.പി.എമ്മിന്റെ താഴേതട്ടിലുള്ള പ്രവർത്തകർ മുതൽ മന്ത്രിമാർ വരെ ഇക്കാലമത്രയും പറഞ്ഞുനടന്നത് കരുവന്നൂരിൽ നിക്ഷേപകർക്ക് 2022 അവസാനം തുക തിരിച്ചുനൽകുമെന്നായിരുന്നു. ജില്ലാ സഹകരണബാങ്കിൽ നിന്ന് 150 കോടി വായ്പ ലഭ്യമാകുമെന്നാണ് നിക്ഷേപകരെ അറിയിച്ചിരുന്നത്.

പണം നിക്ഷേപിച്ചവരിലേറെയും പാർട്ടി ബന്ധമുള്ളവരാണ്. എന്നാൽ തുക എപ്പോൾ തിരികെലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ഒരുറപ്പും നൽകാൻ കഴിയുന്നില്ല. എല്ലാവരും കൈമലർത്തുകയാണ്. വായ്പ എടുത്തതിന്റെ പലമടങ്ങു തുകയ്ക്ക് നോട്ടിസ് ലഭിച്ചവരുടെ നെഞ്ചുപൊള്ളുന്നത് സർക്കാർ കാണാതെപോകുന്നു. അതിനിടെയാണ് വൻ നേതാക്കളിലേക്കും ഇ.ഡി അന്വേഷണം നീട്ടിയത്.


പൊലിസിൻ്റെ ‘കരുതൽ’
കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സി.പി.എം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ ഇ.ഡി മർദിച്ചെന്നു പൊലിസിൽ പരാതിപ്പെട്ടു. ഇത് പരിശോധിക്കാൻ പൊലിസ്‌ സംഘം ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തി. പൊലിസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. കേസിൽ വ്യാജമൊഴി നൽകാൻ ആവശ്യപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ അരവിന്ദാക്ഷൻ പറഞ്ഞത്.

എന്നാൽ ചോദ്യം ചെയ്തത് വിഡിയോ കാമറയ്ക്ക് മുന്നിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേരത്തെ, സ്വർണക്കടത്ത് കേസിൽ അന്വേഷണം ഉന്നതരിലേക്കു നീണ്ടതോടെ വ്യാജമൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലിസ് കേസ് എടുത്തിരുന്നു. വിഷയം കോടതിയിലെത്തി. സമാന ഏറ്റുമുട്ടലാണ് സംസ്ഥാന പൊലിസും കേന്ദ്ര ഏജൻസിയും തമ്മിൽ ഉണ്ടാകുന്നത്. കേരള പൊലിസിന്റെ ‘കരുതലിന്’ സല്യൂട്ടടിക്കാതെ പറ്റുമോ? ഇത് കേരളമാണെന്ന് ഇ.ഡിയെ പഠിപ്പിക്കണ്ടേ…


സംശയനിഴൽ
തൃശൂർ ചേലക്കോട്ടുകര മൂസ്‌പെറ്റ് ബാങ്കിലും തട്ടിപ്പുകൾ നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. 2017 ഒക്‌ടോബർ 17 നാണ് പാർട്ടി അംഗം ആദ്യ പരാതി നൽകിയത്. സ്വർണപ്പണയ വായ്പ അനധികൃതമായി നൽകിയെന്നാണ് ഒരു പരാതി. 2016-17 വർഷത്തെ ഓഡിറ്റിൽ 77 ലക്ഷമാണ് നഷ്ടം. പിന്നീട് അത് 34 കോടിയിലെത്തി. പ്രവർത്തനപരിധിക്ക് പുറത്തുള്ളവർക്ക് വായ്പ വാരിക്കോരി നൽകുന്നതായും സി.പി.എം നേതൃത്വത്തിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

വായ്പ മുടക്കം വന്നവർക്ക് കടംതീർക്കാൻ, പരിധിയില്ലാതെ വായ്പ നൽകിയെന്നും ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിനുമാത്രം 1.49 കോടി രൂപ നൽകിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 2017 നവംബറിൽ ബാങ്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നുള്ള പരാതിയിൽ കൃത്യമായ നടപടിയുണ്ടായില്ല.
തൃശൂർ സർവിസ് സഹകരണ ബാങ്ക്, അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ഇ.ഡി പിടിമുറുക്കിയിരിക്കുകയാണ്.

ഇതുൾപ്പെടെ 10 സഹകരണ ബാങ്കുകൾ സൂക്ഷ്മനിരീക്ഷണത്തിലാണ്. കരുവന്നൂർ വിവാദം അന്വേഷിച്ച സി.പി.എം സബ്കമ്മിറ്റി അംഗം പി.കെ ഷാജൻ്റെ ഭാര്യ അയ്യന്തോൾ ബാങ്കിലെ ജീവനക്കാരിയാണ്. സി.പി.എം മുൻ ജില്ലാസെക്രട്ടറിയുടെ മകളും ഇവിടെ ജോലിയെടുക്കുന്നു. കരുവന്നൂർ കള്ളപ്പണകേസിലെ ഒന്നാംപ്രതി സതീഷ്‌കുമാറുമായി ഏറെകാലത്തെ ബന്ധമുണ്ടെന്ന് തൃശൂർ സർവിസ് സഹ. ബാങ്ക് പ്രസിഡൻ്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ കണ്ണൻ പറയുന്നു. സതീശൻ്റെ ഉന്നതബന്ധങ്ങളിലേക്ക് ഇത് അടിവരയിടുന്നു.


മകളുടെ വിവാഹാവശ്യത്തിന് പുരയിടം പണയംവച്ച് വായ്പയെടുത്ത നെടുപുഴ വട്ടപ്പിന്നി കൊച്ചുകുളം വീട്ടിൽ കെ.എസ് ഷാബുവിന് എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി. തൃശൂർ സർവിസ് സഹകരണ ബാങ്ക് കൂർക്കഞ്ചേരി ശാഖയിൽ നിന്നുമെടുത്ത വായ്പ കുടിശികയായിരുന്നു. അതിനിടെ ശക്തൻനഗർ ശാഖയിൽനിന്ന് എടുക്കാത്ത വായ്പയ്ക്ക് നോട്ടിസ് ലഭിച്ചെന്നാണ് പരാതി. വ്യാജ ഒപ്പിട്ട് ആരോ വായ്പയെടുത്തുവെന്നാണ് ഷാബു പരാതിയിൽ പറയുന്നത്.
പൊളിഞ്ഞ് കരുവന്നൂർ പാക്കേജ്


കരുവന്നൂർ ബാങ്കിലെ നിക്ഷേപകരെ സഹായിക്കാൻ കേരളബാങ്ക് നേതൃത്വത്തിൽ കൺസോർഷ്യമുണ്ടാക്കി 150 കോടി രൂപ സമാഹരിക്കുമെന്ന് പറഞ്ഞത് പാളിയിരിക്കുകയാണ്. 50 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. ഇതാണ് സർക്കാർ നയമെങ്കിൽ ഭാവിയിൽ എങ്ങനെ അധികൃതരുടെ വാക്കുകളെ വിശ്വസിക്കും. സർക്കാർ നൽകിയത് രണ്ടുകോടി രൂപ മാത്രമാണ്. ആ തുക കരുതൽ നിക്ഷേപമായി ഉണ്ടായിരുന്നതാണ്.


കാലാവധി പൂർത്തിയായ നിക്ഷേപം തിരികെ ചോദിക്കുന്നവർക്ക് നൽകാൻ 25 കോടി രൂപയെങ്കിലും വേണം. 50 കോടിയിൽ നിന്ന് ബാക്കി തുക വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കേരള ബാങ്കിൻ്റെ കൺസോർഷ്യം പാളിയത് മറ്റു സഹകരണ ബാങ്കുകൾ മുഖംതിരിച്ചതോടെയാണ്.

   തയാറാക്കിയത്: കെ. കൃഷ്ണകുമാർ

Content Highlights:’Cooperation’, pathetic, karuvannur bank scam


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.